മുന്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് മുന്നറിയിപ്പുമായി ബിജെപി ദേശീയ നേതൃത്വം. ഗുസ്തി താരങ്ങളുടെ സമരവും അതിന് കര്‍ഷക സംഘടനകള്‍ നല്‍കിയ പിന്തുണയും കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ ജനവികാരം സൃഷ്ടിച്ചിരുന്നു. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നതും ബിജെപി ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.
കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയും ബ്രിജ് ഭൂഷണ്‍ പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബ്രിജ് ഭൂഷണിന്റെ വാക്കുകള്‍ വിനയാകുമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലിന് പിന്നാലെയാണ് താക്കീത് നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിനേഷ് ഫോഗട്ടിനും, ബജ്രംഗ് പൂനിയക്കുമെതിരെ ഒരു വാക്ക് പോലും മിണ്ടരുതെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ബോധ്യത്തിലാണ് ബിജെപി നീക്കം.
ഏതൊരു ചെറിയ ബിജെപി സ്ഥാനാര്‍ത്ഥി നിന്നാലും വിനേഷിനെ തോല്‍പ്പിക്കാനാകുമെന്ന് ബ്രിജ് ഭൂഷണ്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ബിജെപി ആവശ്യപ്പെട്ടാല്‍ വിനേഷിനെതിരെ പ്രചാരണം നടത്താന്‍ തയാറാണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
തനിക്കെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളും നടത്തിയ സമരങ്ങളും കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണ്. ഭൂപീന്ദര്‍ സിംഗ് ഹൂഡ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ് എന്നും ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ആരോപിച്ചു. ഗുസ്തിയിലെ മുന്നേറ്റത്തിലൂടെ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും നേടിയെടുത്ത പേര് രാഷ്ട്രീയ പ്രവേശനത്തിലൂടെ നഷ്ടപ്പെടും. വിഷ്ണോഹര്‍പുരിലെ വസിതിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബ്രിജ് ഭൂഷണ്‍.
ഗുസ്തി മേഖലയില്‍ നിരവധി നേട്ടങ്ങളുണ്ടാക്കിയവരാണവര്‍. എങ്കിലും അവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാകുമ്പോള്‍ പരാജയപ്പെടാനുള്ള സാധ്യതയാണുള്ളത്. ഏതൊരു ചെറിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് പോലും അവരെ പരാജയപ്പെടുത്താനാകും. ഇതോടെ അവരുടെ പേരുകള്‍ എന്നന്നേക്കുമായി വിസ്മരിക്കപ്പെടും. ഇരുവരുടേയും രാഷ്ട്രീയ മോഹങ്ങളൊന്നും നടപ്പുള്ള കാര്യമല്ലെന്നും ബ്രിജ് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.