ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിനെയും സഹോദരനെയും സര്‍വീസില്‍ തിരച്ചെടുത്തതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്ന തരത്തില്‍ ചീഫ് ജസ്റ്റിസ് രംഗത്ത് വന്നതോടെ , ഇതുമായി ബന്ധപ്പെട്ടാണ് ആരോപണമുന്നയിച്ച യുവതിയുടെ ഭര്‍ത്താവിനെയും സഹോദരനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ വിളിച്ചുവെന്ന പരാതിയാണ് യുവതിയുടെ ഭര്‍ത്താവിനെതിരെയുള്ളത്. മോശമായ പെരുമാറ്റം ആരോപിച്ച് 2015- ല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണം മറച്ചു വെച്ചുവെന്ന പരാതിയായിരുന്നു ഭര്‍തൃസഹോദരനെതിരെയുണ്ടായിരുന്നത്. ഇരുവരും വകുപ്പുതല നടപടികള്‍ നേരിട്ടു കൊണ്ടിരിക്കെയാണ്, ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷണറെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
2018 ഡിസംബര്‍ 28- നാണ് ഇരുവരേയും സസ്പെന്റ് ചെയ്തത്. തന്നെ സുപ്രീം കോടതിയിലെ ജോലിയില്‍ നിന്നും പുറത്താക്കിയതിനു പിന്നാലെയാണ് ഇരുവരേയും സസ്പെന്റ് ചെയ്തതെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ക്കു മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തില്‍ യുവതി ആരോപിച്ചിരുന്നു.
2018 ഒക്ടോബര്‍ 10ന് രഞ്ജന്‍ ഗൊഗോയ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഏതു തരത്തിലുള്ള പീഡനമാണ് തനിക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് വളരെ വിശദമായി സത്യവാങ്മൂലത്തില്‍ യുവതി പറഞ്ഞിരുന്നു.