കഴിവുകേട്, കാശ്മീരില്‍ സൈന്യം ബലിയാടാകുന്നു; ബിഎസ്എഫ് മേധാവിയെ നീക്കി കേന്ദ്രം; കേരള കേഡറിലേക്ക് തിരിച്ചയച്ചു; അസാധാരണ നടപടി; പൊലീസ് ചീഫിന് 'ഭീഷണി'

കാശ്മീരില്‍ അടക്കം സൈന്യത്തിനെതിരെ ചാവേര്‍ ആക്രമണങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ സര്‍വീസ് കാലാവധി ബാക്കി നില്‍ക്കെ ബിഎസ്എഫ് മേധാവിയെ നീക്കി കേന്ദ്രം.
ബിഎസ്എഫ് മേധാവിയായ നിതിന്‍ അഗര്‍വാളിനെ സ്ഥാനത്തുനിന്നും കേന്ദ്ര സര്‍ക്കാര്‍ അസാധാരണമായി നീക്കിയത്. ഇദേഹത്തെ കേരള കേഡറിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തിട്ടുണ്ട്.

പാകിസ്താനില്‍ നിന്ന് നുഴഞ്ഞു കയറിയവര്‍ നിരവധി ആക്രമണങ്ങള്‍ അടുത്തിടെ കാശ്മീരില്‍ നടത്തിയിരുന്നു. ഇതില്‍ നിരവധി സൈനികരെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇതില്‍ ബിഎസ്എഫ് മേധാവിക്ക് പിടിപ്പ്‌കേട് ഉണ്ടായെന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപിയില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി അപ്രതീക്ഷിതമായി അദേഹത്തിന് സ്ഥാനം നഷ്ടമായത്.

2026വരെ നിതിന്‍ അഗര്‍വാളിന്റെ കാലാവധി നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ അസാധാരണ നടപടി. ബിഎസ്എഫ് മേധാവിയായി നിതിന്‍ അഗര്‍വാളിന് രണ്ടു വര്‍ഷം കൂടി കാലാവധി ബാക്കിയുണ്ട്. അഗര്‍വാളിന് പുറമെ ബിഎസ്എഫ് വെസ്റ്റ് എസ്ഡിജി വൈബി ഖുരാനിയയെയും സ്ഥാനത്തു നിന്ന് കേന്ദ്രം നീക്കിയിട്ടുണ്ട്.

നിതിന്‍ അഗര്‍വാള്‍ കേരള കേഡറില്‍ തിരിച്ചെത്തുന്നതോടെ സംസ്ഥാന പൊലീസിന്റെ തലപ്പത്തും മാറ്റമുണ്ടാകും. നിലവിലെ പൊലീസ് ചീഫിന് ഒരു വര്‍ഷം കഥാവധി നീട്ടിക്കൊടുത്ത തീരുമാനം വരെ പുനപരിശോധിക്കേണ്ടി വരും.

കഴിഞ്ഞ തവണ സംസ്ഥാന ഡിജിപി നിയമനത്തിനുള്ള പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു നിതിന്‍ അഗര്‍വാള്‍. എന്നാല്‍, കേരള കേഡറിലേക്ക് മടക്കമില്ലെന്ന് അറിയിച്ചതോടെയാണ് ഷെയ്ക്ക് ദര്‍വേസ് ഡിജിപിയായത്.