രാജ്യത്തെ അതിർത്തി സംസ്ഥാനങ്ങളിൽ ബി.എസ്.എഫിന് കൂടുതൽ അധികാരം നൽകാനുള്ള കേന്ദ്ര സർക്കാർ നടപടി വിവാദത്തിൽ. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തി സംസ്ഥാനങ്ങളായ അസം, ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലാണ് ബിഎസ്എഫിന് കൂടുതൽ അധികാരം നൽകിയത്.
മൂന്നു സംസ്ഥാനങ്ങളിൽ രാജ്യാന്തര അതിർത്തിയിൽ നിന്നും 50 കിലോമീറ്റർ അകത്തേക്ക് പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം നൽകിയാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നേരത്തെ പതിനഞ്ച് കിലോമീറ്റർ മാത്രമായിരുന്നു അധികാര പരിധി. ഇതോടെ കേന്ദ്ര സർക്കാർ നടപടിയിൽ എതിർപ്പ് അറിയിച്ച് പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങൾ രംഗത്തെത്തി.
നടപടി ഫെഡറലിസത്തിന് എതിരായ ആക്രമണണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പറഞ്ഞു. എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും തീരുമാനത്തെ ശക്തമായി എതിർക്കുന്നുവെന്നും ചരൺജിത്ത് സിംഗ് ചന്നി പറഞ്ഞു. ഫെഡറലിസത്തിനെതിരായ ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് രാജ്യാന്തര അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ വരെയായിരുന്നു ബിഎസ്എഫിന് പരിശോധന നടത്താൻ അധികാരമുണ്ടായിരുന്നത്. നാഗാലാൻഡ്, ത്രിപുര, മണിപ്പുർ, ലഡാക്ക് എന്നിവിടങ്ങളിലും ബിഎസ്എഫിന് കൂടുതൽ അധികാരം ലഭിക്കും. ഗുജറാത്തിൽ 80 കിലോമീറ്റർ ആയിരുന്നത് 50 കിലോമീറ്റർ ആയി ചുരുക്കി.
Read more
രാജസ്ഥാനിൽ നേരത്തേ തന്നെ 50 കിലോമീറ്റർ പരിധിയായിരുന്നു. അതേസമയം മേഘാലയ, നാഗാലാൻഡ്, മിസോറം, ത്രിപുര, മണിപ്പുർ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ ദൂരപരിധി നിശ്ചയിച്ചിട്ടില്ല. ദേശസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിനാണ് ബിഎസ്എഫിന് കൂടുതൽ അധികാരം നൽകിയതെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.