ബിഎസ്എഫ് സേനയുടെ അധികാരപരിധി വർദ്ധിപ്പിച്ചുള്ള വിജ്ഞാപനം നടപ്പാക്കാനൊരുങ്ങി കേന്ദ്രം. പഞ്ചാബ്, ബംഗാൾ, അസം എന്നിവിടങ്ങളിലെ രാജ്യാന്തര അതിർത്തികൾക്കു കാവലൊരുക്കുന്ന അതിർത്തി രക്ഷാ സേനയുടെയുടെ അധികാര പരിധിയാണ് വർധിപ്പിക്കുന്നത്. 15 കിലോമീറ്റർ ആയിരുന്ന ബിഎസ്എഫിന്റെ അധികാര പരിധി 50 കിലോമീറ്റർ ഉള്ളിലേക്കു വരെ വ്യാപിപ്പിച്ച് കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രമിറക്കിയിരുന്നു.
അതേസമയം, ഗുജറാത്തിൽ 80 കിലോമീറ്റർ വരെ ഉണ്ടായിരുന്ന അധികാരം 50 കിലോമീറ്ററായി കുറക്കുകയും ചെയ്യ്തു. ഇത് നടപ്പാക്കുന്നതു സംബന്ധിച്ച് ബിഎസ്എഫ് തയാറാക്കിയ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് ഉടൻ കൈമാറും.
കള്ളക്കടത്തു തടയാൻ ലക്ഷ്യമിട്ടാണു നടപടി. വിജ്ഞാപനമനുസരിച്ച് ഏതൊക്കെ പ്രദേശങ്ങൾ ബിഎസ്എഫ് നിയന്ത്രണത്തിൽ വരുമെന്നതടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കിട്ടുണ്ട്.
ഈ പ്രദേശങ്ങളിൽ ക്രിമിനൽ നിയമം, പാസ്പോർട്ട് നിയമം എന്നിവ പ്രകാരം അറസ്റ്റും തിരച്ചിലും നടത്താൻ ബിഎസ്എഫിന് അധികാരം ലഭിക്കും. കസ്റ്റംസ്, ലഹരിമരുന്ന്, ആയുധ നിയമങ്ങൾ പ്രകാരമുള്ള കേസുകളിൽ അധികാരപരിധിയിൽ മാറ്റമില്ല.
ക്രിമിനൽ, പാസ്പോർട്ട് നിയമങ്ങൾ പ്രകാരമുള്ള കേസുകളിൽ ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തുന്നത് സംസ്ഥാന പൊലീസിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് പഞ്ചാബ്, ബംഗാൾ സർക്കാരുകൾ ആരോപിക്കുന്നത്. അസമും ബംഗാളും ബംഗ്ലദേശുമായും,പഞ്ചാബ്, ഗുജറാത്ത് എന്നിവ പാക്കിസ്ഥാനുമാണ് അതിർത്തി പങ്കിടുന്നത്.