വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള കരുതല്‍ മേഖലയില്‍(ബഫര്‍ സോണ്‍) നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ളവയ്ക്ക് സമ്പൂര്‍ണ വിലക്ക് സാധ്യമല്ലെന്നും ഖനന നിരോധനമാണ് ഉദ്ദേശിച്ചതെന്നും സുപ്രീംകോടതി.
ഈ മേഖലയില്‍ നിയന്ത്രിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും, അനുവദിക്കേണ്ടവ അനുവദിക്കുകയും വേണം. പരിസ്ഥിതിക്കൊപ്പം തന്നെ മനുഷ്യരുടെ ജീവിതം കൂടി പരിഗണിക്കണം. വിനോദസഞ്ചാരമടക്കമുള്ള അവരുടെ ജീവനോപാധികളില്‍ നിയന്ത്രണമേര്‍പ്പെടുത്താനാവില്ലെന്നും ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, വിക്രംനാഥ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതി വിധിയിലെ വൈരുധ്യങ്ങളും അപ്രായോഗികതയും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകയും അമിക്കസ് ക്യൂറിയും ചൂണ്ടിക്കാട്ടിയപ്പോള്‍ അവ ശരിവെച്ച ബെഞ്ച്, വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കരുതല്‍ മേഖല നിര്‍ബന്ധമാക്കിയ 2022 ജൂണ്‍ മൂന്നിലെ ഉത്തരവിലെ വിവാദ നിര്‍ദേശങ്ങള്‍ തിരുത്തുമെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്.
ഖനനംപോലുള്ള പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയായിരുന്നു ഇതുമൂലം തങ്ങളുടെ ലക്ഷ്യമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍, നിര്‍മാണമടക്കമുള്ളവക്ക് ജനജീവിതത്തെ ബാധിക്കുന്ന തരത്തില്‍ സമ്പൂര്‍ണ നിയന്ത്രണം പ്രായോഗികമല്ല. കരുതല്‍ മേഖല നിശ്ചയിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയ പഠനം നടന്നിട്ടുണ്ടോയെന്നും സുപ്രീംകോടതി ആരാഞ്ഞു. മണല്‍ നീക്കുന്ന പ്രവൃത്തികള്‍ ഉണ്ടായില്ലെങ്കില്‍ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്ന പെരിയാര്‍വാലി സംരക്ഷണ സമിതിയുടെ വാദത്തോടും കോടതി യോജിച്ചു.
ഓസ്‌കര്‍ നേടിയ ‘ദി എലിഫന്റ് വിസ്പറേഴ്സി’ന്റെ കഥപറഞ്ഞ് തദ്ദേശവാസികളുടെ പങ്കാളിത്തത്തിലൂടെ മാത്രമേ വനസംരക്ഷണം സാധ്യമാകൂ എന്ന് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി വാദിച്ചു. സമ്പൂര്‍ണ നിയന്ത്രണം വന്നാല്‍ മുതുമല ദേശീയോദ്യാനത്തിലെ മൃതപ്രായനായ കുട്ടിയാനയുടെ സംരക്ഷണച്ചുമതലയേറ്റ ബൊമ്മനെയും ബെല്ലിയെയും പോലുള്ളവരുടെ ജീവിതം പ്രതിസന്ധിയിലാകുമെന്നും വാദമുന്നയിച്ചു.
അതിനാല്‍ കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്കും മറ്റു മേഖലകള്‍ക്കും ഇളവനുവദിക്കണമെന്ന് ഭാട്ടി വാദിച്ചു. കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ കരുതല്‍ മേഖല വിധി നടപ്പാക്കുന്നതില്‍ ഇളവ് അനുവദിക്കണമെന്ന നിലപാടെടുത്ത കേരളം വ്യാഴാഴ്ച തങ്ങളുടെ വാദമുന്നയിക്കും.