ബുള്‍ഡോസര്‍ സമാധാനത്തിന്റെയും വികസനത്തിന്റെയും അടയാളം: യോഗി ആദിത്യനാഥ്

ബുള്‍ഡോസറുകള്‍ സമാധാനത്തിന്റെയും വികസനത്തിന്റെയും അടയാളമാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുംബൈയില്‍ ചടങ്ങില്‍ സംസാരിക്കവെയാണ് യോഗി ഇക്കാര്യം പറഞ്ഞത്. ബുള്‍ഡോസര്‍ നടപടിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് യോഗിയുടെ പ്രതികരണം.

ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളിലും വികസന പ്രവര്‍ത്തനങ്ങളിലുമാണ്. അതേസമയം, ആളുകള്‍ നിയമങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ ക്രമസമാധാനം സ്ഥാപിക്കാനായി ബുള്‍ഡോസറുകള്‍ ഉപയോഗിക്കാം. അപ്പോള്‍ അവ സമാധാനത്തിന്റെയും വളര്‍ച്ചയുടെയും പ്രതീകമാകുമെന്നും യോഗി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ കുറ്റവാളികളുടെ സ്വത്തുക്കള്‍ നശിപ്പിക്കാന്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചതിന് ശേഷം യോഗിയെ ബുള്‍ഡോസര്‍ ബാബ എന്ന് പ്രതിപക്ഷം വിശേഷിപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ഇന്ന് തങ്ങളുടെ വ്യക്തിത്വത്തില്‍ അഭിമാനിക്കുന്നുണ്ടെന്നും യോഗി പറഞ്ഞു.

Read more

ഫെബ്രുവരി 10 മുതല്‍ 12 വരെ ലഖ്നൗവില്‍ നടക്കാനിരിക്കുന്ന യുപി സര്‍ക്കാരിന്റെ ആഗോള നിക്ഷേപക ഉച്ചകോടിക്ക് മുന്നോടിയായി ആഭ്യന്തര നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മുംബൈയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് യോഗി ആദിത്യനാഥ്.