ബുറെവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയെങ്കിലും കനത്ത മഴയിൽ തമിഴ്‍നാട്ടിൽ വൻ നാശനഷ്ടം. കടലൂർ അടക്കം തെക്കൻ ജില്ലകളിൽ വ്യാപകകൃഷിനാശമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നിരവധി വീടുകൾ തകർന്നു. ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മരണം 19 ആയി. മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടത്ത് കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് ഇന്നും വിലക്കുണ്ട്.
മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദ്ദം കഴിഞ്ഞ 30 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലുമാണ്. നിലവിൽ അതിതീവ്ര ന്യൂനമർദ്ദത്തിൻ്റെ പരമാവധി വേഗം മണിക്കൂറിൽ 40 മുതൽ 50 കിമീ വരെയും ചില അവസരങ്ങളിൽ 60 കിമീ വരെയുമാണ്.
അതിതീവ്ര ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദ്ദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാദ്ധ്യത യുണ്ട്. ഇന്ന് രാത്രി മുതൽ 12 മണിക്കൂർ നേരത്തേക്ക് തെക്കൻ കേരളത്തിൽ മണിക്കൂറിൽ ഏകദേശം 35 മുതൽ 45 വരെ കിമീ വേഗതയുള്ള കാറ്റ് ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.
ന്യൂനമർദ്ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.