യാത്രാമധ്യേ സുഹൃത്ത് ബസിനുള്ളില്‍ മരിച്ചു; മൃതദേഹവുമായി കണ്ടക്ടര്‍ ഇറക്കിവിട്ടു; മൃതദേഹം വഴിയില്‍ കിടത്തി സഹായത്തിന് കേണ് മധ്യവയസ്‌കന്‍

ഹൊസൂറിൽ യാത്രാമധ്യേ മരിച്ച സുഹൃത്തിന്റെ മൃതദേഹവുമായി മധ്യവയസ്‌കനെ കണ്ടക്ടര്‍ നടുറോഡിൽ ഇറക്കിവിട്ടു. കര്‍ണാടകയിലെ ഹൊസൂരിലാണ് സംഭവം. ബംഗളുരുവില്‍ നിന്ന് തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് വീരന്‍ (54) എന്നയാള്‍ മരിച്ചത്.

തുടര്‍ന്ന് ഒപ്പം യാത്ര ചെയ്തിരുന്ന രാധാകൃഷ്ണനെ വീരന്റെ മൃതദേഹവുമായി ബസില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. സുഹൃത്തിന്റെ മൃതദേഹവുമായി വഴിയരുകില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിക്കുന്ന രാധാകൃഷ്ണന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ബംഗളുരുവില്‍ നിന്ന് ബസില്‍ കയറുമ്പോള്‍ ക്ഷീണിതനായിരുന്ന വീരന്‍ സീറ്റില്‍ കിടന്ന് യാത്ര ചെയ്യുകയായിരുന്നു. ഹൊസൂരിലെ സൂളഗിരിയില്‍ എത്തിയപ്പോള്‍ മറ്റ് യാത്രക്കാര്‍ക്ക് കൂടി ഇരിക്കുന്നതിന് വീരനെ എഴുന്നേല്‍പ്പിക്കാന്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ മരിച്ചിരുന്നു. തുടര്‍ന്ന് വീരന്റെ മൃതദേഹവുമായി യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കണ്ടക്ടര്‍ മൃതദേഹവുമായി രാധാകൃഷ്ണനെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു.

രണ്ട് പേരുടെയും ടിക്കറ്റിന്റെ പണം മടക്കി നല്‍കാന്‍ പോലും കണ്ടക്ടര്‍ വിസമ്മതിച്ചു. തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ടിക്കറ്റിന്റെ പണം നല്‍കാന്‍ കണ്ടക്ടര്‍ തയ്യാറായത്. സുഹൃത്തിന്റെ മൃതദേഹവുമായി പെരുവഴിയില്‍ ഇറങ്ങേണ്ടി വന്ന രാധാകൃഷ്ണന്‍ മൂന്ന് മണിക്കൂറാണ് മറ്റുള്ളവരുടെ സഹായം അഭ്യര്‍ത്ഥിച്ചത്.

ഒടുവില്‍ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ എത്തി പോലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലീസ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പാട് ചെയ്യുകയുമായിരുന്നു.