പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങള്‍ രൂക്ഷമാവുമ്പോള്‍ ചില സംസ്ഥാനങ്ങളിലെ ഭരണങ്ങള്‍ പൊലീസ് ഏറ്റെടുക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
“ചില സംസ്ഥാനങ്ങളിലെ അവസ്ഥകള്‍ ആപത്കരമാണ്. സംസ്ഥാനം എന്നതില്‍ നിന്ന് പോലീസ് ഭരിക്കുന്ന സംസ്ഥാനമെന്ന നിലയിലേക്ക് അവ മാറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും.
ഉത്തര്‍പ്രദേശിലെ മിക്കവാറും നഗരങ്ങളിലും, ജാമിയ മിലിയയിലും, ജെഎന്‍യുവിലും, ബനാറസ് ഹിന്ദു സര്‍വകലാശാലയിലും അലഹാബാദ് സര്‍വകലാശാലയിലും ഡല്‍ഹി സര്‍വകലാശാലയിലും ഗുജറാത്ത് സര്‍വകലാശാലയിലും ബെഗംളുരുവിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലുമെല്ലാം ഉണ്ടായ പോലീസ് അതിക്രമങ്ങള്‍ നമ്മളെ വിഹ്വലരാക്കിയതാണ്” കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ സോണിയ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി വിവേചനപരമാണെന്നും ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതി വിവേചനപരവും ഭിന്നിപ്പിക്കുന്നതുമാണ്. ദേശസ്നേഹവും മതേതരത്വവും സഹിഷ്ണുതയുമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും നിയമത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിന് വേണ്ടിയുള്ളതാണ് അത് – സോണിയാ ഗാന്ധി പറഞ്ഞു.