പൗരത്വ നിയമ ഭേദഗതിക്കെതിരെ കവിത; മുംബൈയില്‍ ആയിരങ്ങളുടെ പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുംബൈയില്‍ മഹാപ്രതിഷേധം. ആസാദ് മൈതാനിയിലാണ് സ്ത്രീകളടക്കം ആയിരക്കണക്കിന് പേരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള പ്രതിഷേധം സംഘടിപ്പിച്ചത്. നവി മുംബൈ, താനെ തുടങ്ങി മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകളാണ് പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാനായി ആസാദ് മൈതാനിയിലേക്ക് എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ പ്രശസ്ത ഉറുദു കവി ഫായിസ് അഹമ്മദ് ഫായിസിന്റെ പ്രശസ്തമായ “ഞങ്ങള്‍ കാണും” (ഹം ദേഖേങ്കേ) എന്ന കവിത ചൊല്ലി കൊണ്ടാണ് മുംബൈയിലെ ജനങ്ങള്‍ പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചത്.

ദേശീയപതാകയും പൗരത്വനിയമഭേദഗതി, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തിയും മോദിയില്‍നിന്നും അമിത് ഷായില്‍നിന്നും സ്വാതന്ത്ര്യം, സിഎഎയില്‍നിന്നും എന്‍ആര്‍സിയില്‍നിന്നും സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങളും വിളിച്ചുമാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.

Read more

Mumbai
Photo – PTI

പ്രതിഷേധ പ്രകടനത്തിനിടെ പൗരത്വനിയമഭേദഗതി, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരായ പ്രമേയവും പാസാക്കി. റിട്ട. ജസ്റ്റിസ് കൊല്‍സി പട്ടീല്‍, സമൂഹിക പ്രവര്‍ത്തക തീസ്ത സെതല്‍വാദ്, സിനിമാതാരം സുശാന്ത് സിങ്ങ്, സമാജ്വാദി പാര്‍ട്ടി നേതാവ് അബു അസീം അസ്മി തുടങ്ങിയവര്‍ പങ്കെടുത്തു.