പൗരത്വ നിയമ ഭേദഗതി: മുസ്ലിം സമുദായം ക്രമസമാധാനം പാലിക്കണമെന്ന് ഉദ്ധവ് താക്കറെ

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമാവുമ്പോള്‍ മുസ്ലിം സമുദായത്തോട് ക്രമസമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുസ്ലിം സമുദായ പ്രതിനിധികളോടാണ് പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കവെ ക്രമസമാധാനം പാലിക്കണമെന്ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ധവ് താക്കറെ അഭ്യര്‍ത്ഥിച്ചത്.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. ജാമിയ മിലിയ, അലിഗഡ് സര്‍വകലാശാലകളില്‍ ഇന്നും പ്രതിഷേധ പരിപാടികളുണ്ട്. ഡല്‍ഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തും ഇന്ന് പ്രതിഷേധമുണ്ടാകും.

Read more

നിയമം പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ചൊവ്വാഴ്ച രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ നിയമം ഒരു ഇന്ത്യന്‍ പൗരനെയും ബാധിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന ആവശ്യം ആഭ്യന്തരമന്ത്രി അമിത് ഷാ തള്ളിക്കളഞ്ഞിരിക്കുകയാണ്.