ട്രാൻസ്ജെൻഡർ വിഭാഗത്തെ (transgender community) ഒബിസി (OBC) പട്ടികയിൽ ഉൾപ്പെടുത്താനൊരുങ്ങി കേന്ദ്രം. 27 ശതമാനം ഒബിസി സംവരണ പരിധിയിൽ ട്രാൻസ്ജെൻഡറുകളെയും കൊണ്ടുവരാനുള്ള മന്ത്രിസഭാ കുറിപ്പ് തയ്യാറായി. തീരുമാനം പ്രതീക്ഷയേകുന്നതെന്നാണ് ട്രാൻസ്ജെൻഡറുകളുടെ പ്രതികരണം.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ ഒരു ലിംഗവിഭാഗമായി കണക്കാക്കണമെന്നും അവരെ ‘സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍’ ആയി പരിഗണിക്കണമെന്നും സുപ്രീം കോടതി നേരത്തേ കേന്ദ്രസർക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. 2014ൽ ആയിരുന്നു സുപ്രീംകോടതിയുടെ വിധി. ഏഴ് വർഷത്തിന് ശേഷമാണ് ഇക്കാര്യത്തിൽ മന്ത്രിസഭ കുറിപ്പ് തയ്യാറാക്കിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഉള്‍പ്പെടുത്തുന്നതിനായി ഒബിസി പട്ടികയില്‍ ഭേദഗതി വരുത്താനാണ് ക്യാബിനറ്റ് ശിപാർശ. സുപ്രീംകോടതി ഉത്തരവുള്ളതിനാൽ നിയമതടസ്സം ഉണ്ടാവില്ലെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. ഇതോടെ 27 ശതമാനം സംവരണ പരിധിയിൽ ട്രാൻസ്ജെൻഡുറുകളും ഉൾപ്പെടും. ഇതിനുപുറമെ, 25 ജാതികള്‍ കൂടി കേന്ദ്ര ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താനായി ശിപാര്‍ശ സര്‍ക്കാരിന് മുന്നില്‍ എത്തിയിട്ടുണ്ട്.
Read more
സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം ഒരു വര്‍ഷം നീണ്ടുനിന്ന നടപടിക്ക് പിന്നാലെയാണ് ശിപാർശ മുന്നോട്ട് വച്ചത്. വിവിധ മന്ത്രാലയങ്ങള്‍, ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ എന്നിവയുൾപ്പെട്ട വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ നിർദ്ദേശം. തൊഴിലിനും വിദ്യാഭ്യാസത്തിനും ഒബിസി ആനുകൂല്യം ലഭിക്കുന്ന തരത്തിലാകും സംവരണം നടപ്പിലാക്കുക. വിഷയത്തില്‍ പാർലമെന്‍റിന്‍റെ അംഗീകാരം ലഭിച്ച ശേഷം രാഷ്ട്രപതി ഒപ്പിടുന്നതോടെയാകും ഭേദഗതി പ്രാബല്യത്തിൽ വരിക.