മമതാ ബാനര്‍ജിയുടെ വസതി തകര്‍ക്കാന്‍ ആഹ്വാനം; വാട്‌സ് ആപ്പ് സന്ദേശത്തിന് പിന്നാലെ അഞ്ച് പേര്‍ അറസ്റ്റില്‍

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വസതി തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശം പ്രചരിച്ചതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു പ്രചരണം നടന്നത്. ഇതേ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേരെ പിടികൂടിയത്.

ഗൂഢാലോചന നടന്നതായി കണ്ടെത്തിയ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പശ്ചിമ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് പ്രതിഷേധങ്ങളും അവയ്‌ക്കെതിരെ ആക്രമണങ്ങളും അരങ്ങേറിയിരുന്നു.

വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളോട് ദക്ഷിണ കൊല്‍ക്കത്തയുടെ സമീപപ്രദേശമായ കാളിഘട്ടില്‍ ഒത്തുകൂടാന്‍ ആഹ്വാനം ചെയ്യുന്ന വോയ്സ് ക്ലിപ്പ് ഗൂഢാലോചന നടന്ന ഗ്രൂപ്പില്‍ പ്രചരിച്ചിരുന്നു. ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ‘നബന്ന അഭിജന്‍’ റാലിയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് പുതുതായി രൂപീകരിച്ച വിദ്യാര്‍ത്ഥി സംഘടനയായ പശ്ചിമ ബംഗാള്‍ ഛത്ര സമാജിന്റെ നേതാവായ പ്രബീറിനെയും കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.