ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടു; വിസ സര്‍വീസ് തല്‍ക്കാലം ആരംഭിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടുവെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വഴിയേ പുറത്ത് വരുമെന്നും കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സര്‍വീസ് തല്‍ക്കാലം ആരംഭിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിസ സര്‍വീസ് നിറുത്തി വച്ചത് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതിനാലാണ്. സ്ഥിതി മെച്ചപ്പെട്ടാല്‍ സര്‍വീസ് പുനഃസ്ഥാപിക്കുമെന്നും എസ് ജയശങ്കര്‍ അറിയിച്ചു. നതയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് ആശങ്കയെ തുടര്‍ന്നാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇന്ത്യ-കാനഡ തര്‍ക്കം തുടങ്ങിയ ശേഷം ആദ്യമായാണ് വിദേശകാര്യ മന്ത്രി ഇത്രയും കടുത്ത നിലപാട് സ്വീകരിക്കുന്നത്.

കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കാനഡ ഇതോടകം 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. സംഭവത്തിനെതിരെ അമേരിക്ക വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമെന്ന് പ്രതികരിച്ചിരുന്നു. വിഷയത്തില്‍ അമേരിക്കയുടെ പിന്തുണ കൂടി ലഭിച്ചതോടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രതികരണം.

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള കനേഡിയന്‍ പ്രധാനമന്ത്രിയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.