ഇസ്രായേല്‍ ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് കുമാര്‍ ശര്‍മ ഉള്‍പ്പെടെ 11 പേര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
ഇസ്രായേലിന് ആയുധവും സൈനിക സഹായവും നല്‍കുന്നതില്‍ നിന്ന് രാജ്യത്തെ കമ്പനികളെയും കേന്ദ്ര സര്‍ക്കാരിനെയും തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ചെറി ഡിസൂസ എന്നിവര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ രാജ്യത്തിന്റെ വിദേശനയത്തില്‍ ഇടപെടാനാകില്ലെന്ന് അറിയിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളിയത്.
ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള ആയുധ കയറ്റുമതി തടഞ്ഞാല്‍ രാജ്യത്തെ കമ്പനികള്‍ കരാര്‍ വ്യവസ്ഥകളുടെ നിയമലംഘനം ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു. കയറ്റുമതി തടയുന്നതിന് പുറമേ വിവിധ കമ്പനികള്‍ക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.