പൈലറ്റുമാരുടെ പ്രതിസന്ധിയില്‍ വലഞ്ഞ് വിസ്താര. പൈലറ്റുമാരുടെ എണ്ണത്തിലുള്ള കുറവ് കാരണം പ്രധാന നഗരങ്ങളില്‍ നിന്ന് പുറപ്പെടേണ്ട 38 വിമാനങ്ങള്‍ ഇന്ന് രാവിലെ റദ്ദാക്കി. ഡല്‍ഹിയില്‍ നിന്നുള്ള 12 വിമാനങ്ങളും മുംബൈയില്‍ നിന്നുള്ള 15 വിമാനങ്ങളും ബംഗളൂരുവില്‍ നിന്നുള്ള 11 വിമാന സര്‍വീസുകളുമാണ് റദ്ദാക്കിയത്.
കഴിഞ്ഞ ദിവസം വിസ്താരയുടെ 50 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും 160 എണ്ണം വൈകുകയും ചെയ്തിരുന്നു. പുതുക്കിയ ശമ്പള ഘടനയാണ് പൈലറ്റുമാര്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം താത്കാലികമായി വിമാന സര്‍വീസുകളുടെ എണ്ണം കുറയ്ക്കുകയാണെന്ന് വിസ്താര അറിയിച്ചിട്ടുണ്ട്.
ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരോട് മാപ്പ് ചോദിക്കുന്നതായും എല്ലാം ഉടന്‍തന്നെ പഴയ സ്ഥിതിയിലേക്ക് എത്തുമെന്നും വിസ്താര അറിയിച്ചു. കാത്തിരിപ്പും അസൗകര്യവും ഒഴിവാക്കുന്നതിനായി എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുന്‍പ് ഫ്‌ലൈറ്റ് സ്റ്റാറ്റസ് നോക്കാനും വിസ്താര യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.