സൈനികൻ മരണപ്പെട്ടാൽ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള ഇന്ത്യൻ ആർമിയുടെ ‘NOK’ നയത്തിൽ മാറ്റം വരുത്തണമെന്ന് വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ മാതാപിതാക്കൾ. അൻഷുമാൻ സിങ്ങിൻ്റെ ഭാര്യ സ്മൃതി സിംഗ് തങ്ങളുടെ വീട് വിട്ടുപോയെന്നും മകൻ്റെ മരണശേഷം ഇപ്പോൾ മിക്ക അവകാശങ്ങളും അവർക്കാണ് ലഭിക്കുന്നതെന്നും മാതാപിതാക്കളായ രവി പ്രതാപ് സിംഗും ഭാര്യ മഞ്ജു സിംഗും പറഞ്ഞു. രാഷ്ട്രപതി തൻ്റെ മകന് സമ്മാനിച്ച കീർത്തി ചക്ര മരുമകൾ കൊണ്ടുപോയെന്നും തൊടാൻ പോലും കഴിഞ്ഞില്ലെന്നും അൻഷുമാൻ സിങ്ങിൻ്റെ പിതാവ് ആരോപിച്ചു.
ഒരു ദേശീയ മാധ്യമത്തോടായിരുന്നു മാതാപിതാക്കളുടെ ആരോപണങ്ങൾ. ‘ധനസഹായത്തിനുള്ള ആർമിയുടെ മാനദണ്ഡം ശരിയല്ല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായും ഇക്കാര്യം സംസാരിച്ചു. അൻഷുമാൻ്റെ ഭാര്യ ഇപ്പോൾ ഞങ്ങളുടെ കൂടെ താമസിക്കുന്നില്ല. അവരുടെ വിവാഹ ജീവിതം അഞ്ച് മാസമേ നീണ്ടിരുന്നുള്ളു. അവർക്ക് കുട്ടികളില്ല. ഞങ്ങളുടെ മകൻ്റെ ഫോട്ടോ മാത്രമേ ഇപ്പോൾ കയ്യിലുള്ളൂ’, രവി പ്രതാപ് സിംഗ് വാർത്താ ചാനലിനോട് പറഞ്ഞു. അൻഷുമാന് കീർത്തി ചക്ര സമ്മാനിച്ചപ്പോൾ അമ്മയും ഭാര്യയും ആദരം ഏറ്റുവാങ്ങാൻ പോയി. രാഷ്ട്രപതി എൻ്റെ മകൻ്റെ ത്യാഗത്തെ കീർത്തി ചക്ര നൽകി ആദരിച്ചു, പക്ഷേ എനിക്ക് ഒരിക്കൽ പോലും തൊടാൻ കഴിഞ്ഞിലിന്നും പിതാവ് പറയുന്നു.
അൻഷുമാൻ്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഭാര്യ സ്മൃതി സിംഗ് വീടുവിട്ട് പോയെന്നും അൻഷുമാൻ്റെ ഫോട്ടോ ആൽബവും വസ്ത്രങ്ങളും മറ്റും കൊണ്ടുപോയെന്നും അവർ പറയുന്നു. ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന ഒരു ഫോട്ടോ മാത്രമാണ് തങ്ങളുടെ കൈവശമുള്ളത്. മറ്റ് മാതാപിതാക്കൾക്ക് ഇത്തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ സർക്കാർ ഈ നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും അൻഷുമാൻ സിങ്ങിൻ്റെ അമ്മ മഞ്ജു പറഞ്ഞു.
2023 ജൂലൈ 19 ന്, സിയാച്ചിൻ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടുത്തത്തിലാണ് ക്യാപ്റ്റൻ അൻഷുമാൻ സിംഗ് മരിച്ചത്. ബങ്കറിനുള്ളിൽ പെട്ടുപോയ സൈനികരെ രക്ഷിക്കാൻ നടത്തിയ പ്രവർത്തനത്തിൽ പൊള്ളലേൽക്കുകയായിരുന്നു. നാല് സൈനികരെ അദ്ദേഹം സുരക്ഷിതമായി പുറത്തെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ അൻഷുമാൻ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
ജൂലായ് അഞ്ചിന് രാഷ്ട്രപതിയിൽ നിന്ന് കീർത്തിചക്ര ഏറ്റുവാങ്ങിയതിന് ശേഷം സ്മൃതി സിങ്ങ് പങ്കുവെച്ച ഓർമ്മകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. പ്രണയത്തെ കുറിച്ചും അൻഷുമാൻ സിങ്ങിൻ്റെ ഓർമകളുമായിരുന്നു സ്മൃതി സിങ്ങ് പങ്കുവെച്ചത്. എട്ടു വർഷം നീണ്ട പ്രണയത്തിന് ഒടുവിലാണ് തങ്ങൾ വിവാഹിതരായത്. ഇപ്പോൾ കീർത്തി ചക്രം എന്റെ കൈയിൽ ഉണ്ട്. അവൻ ഹീറോ ആണ്. മരണത്തിനു മുമ്പ് നാല് കുടുംബത്തെ രക്ഷിച്ചാണ് മടങ്ങിയതെന്നും സ്മൃതി അനുസ്മരിച്ചിരുന്നു.