ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; 10 പേർ മരിച്ചു

ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. അഹമ്മദാബാദ്-വഡോദര എക്‌സ്പ്രസ് വേയിലാണ് അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ രണ്ട് ആംബുലൻസുകളിലായി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.

വഡോദരയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന എർട്ടിഗ കാർ ട്രെയിലർ ട്രക്കിന് പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിലുണ്ടായിരുന്ന 10 യാത്രക്കാർക്കും ജീവൻ നഷ്ടപ്പെട്ടു. ഇവരിൽ എട്ട് പേർ സംഭവസ്ഥലത്ത് വെച്ചും 2 പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

അപകടത്തിൽ പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്, ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൻ്റെ കാരണവും കാർ എങ്ങനെയാണ് വഴിതെറ്റിയതെന്നും കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read more