ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ അക്കൗണ്ടിലെ യോഗിയുടെ ഫോട്ടോ മാറ്റി പകരം കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്യുകയും നൂറിലധികം ട്വീറ്റുകള്‍ പങ്കുവെക്കുകയും ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. പ്രൊഫൈല്‍ ചിത്രം മാറ്റിയതിന് പിന്നാലെ ട്വിറ്ററില്‍ അനിമേഷന്‍ എങ്ങനെ ചെയ്യാമെന്ന ട്യൂട്ടോറിയല്‍ പോസ്റ്റും ട്വീറ്റ് ചെയ്തിരുന്നു. ഏകദേശം നാല്മണിക്കൂര്‍ നേരത്തോളം ഹാക്കര്‍മാരുടെ കൈകളിലായിരുന്ന അക്കൗണ്ട് തിരിച്ചു പിടിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ അക്കൗണ്ടില്‍ നിന്നും അനാവശ്യമായ ട്വീറ്റുകള്‍ കണ്ടതിനെ തുടര്‍ന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം ആളുകള്‍ യോഗി ആദിത്യനാഥിന്റെ അക്കൗണ്ടിലും യുപി പൊലീസിനും വിവരമറിയിക്കുകയായിരുന്നു. അക്കൗണ്ട് വീണ്ടെടുത്ത ശേഷം ഇതില്‍ നിന്നും അനാവശ്യ പോസ്റ്റുകള്‍ നീക്കം ചെയ്തു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ബിറ്റ്‌കോയിന്‍ നിയമപരമായി അംഗീകരിച്ചുവെന്ന ഒരു ട്വീറ്റ് പുറത്തുവന്നതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിഞ്ഞത്.