സാനിറ്ററി നാപ്കിന് 12 ശതമാനം ജി എസ് ടി ചുമത്തിയത് സ്ത്രീ വിരുദ്ധം, സുപ്രീം കോടതിയിൽ ഹർജി

സാനിറ്ററി നാപ്കിന് 12 ശതമാനം ജി എസ് ടി ചുമത്തുന്നതിനെ എതിർത്തു സമർപ്പിച്ച ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. ഇതേ കേസ് ബോംബെ, ഡൽഹി ഹൈക്കോടതികൾ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് സ്റ്റേ ചെയ്തു. കേന്ദ്ര സർക്കാർ സമർപ്പിച്ച ട്രാൻസ്ഫർ പെറ്റീഷൻ പരിഗണിച്ചാണ് ഈ ഉത്തരവ്.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ പി എച് ഡി വിദ്യാർത്ഥിയായ സർമീന ഇസ്‌റാർ ഖാൻ ആണ് ഹർജിയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത് . ഉയർന്ന നികുതി ചുമത്തിയത് സ്ത്രീകൾക്കെതിരായ പക്ഷപാതപരമായ നീക്കവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹർജിക്കാരി പറയുന്നു. ഇന്ത്യയിൽ 70 ശതമാനത്തോളം സ്ത്രീകൾക്ക് ആർത്തവ സംബന്ധമായ പ്രശ്നങ്ങളുണ്ട്. ആർത്തവ സമയത്തു ശുചിത്വം പാലിക്കാൻ കഴിയാതെ വരുന്നതാണ് ഇതിനു പ്രധാന കാരണം. സാനിറ്ററി നാപ്കിനുകൾക്ക് വില വർധിക്കുന്നത് സ്ത്രീകൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഇത് പല വിധ ശാരീരിക പ്രശ്നങ്ങൾക്കും കാരണമാകുമെന്നും ഹർജിക്കാരി വാദിക്കുന്നു.

കോണ്ടം ഉൾപ്പടെ ലൈംഗീക സംബന്ധമായ പല സാധനങ്ങൾക്കും ജി എസ് ടി നിരക്ക് പൂജ്യമാണ്. സുരക്ഷിതമായ ലൈംഗീക ബന്ധം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് എന്നാണ് വ്യഖ്യാനം. എന്നാൽ സ്ത്രീകൾക്ക് ഏറ്റവും അത്യാവശ്യമായ സാനിറ്ററി നാപ്കിന് 12 ശതമാനം നികുതി ഈടാക്കുന്നത് വിവേചനപരമാണെന്നും അവർ വാദിക്കുന്നു. ആർത്തവ സമയത് നാപ്കിന്റെ ഉപയോഗം കുറയുന്നതിന് വില വർധന കാരണമാകും.
ഷെട്ടി വിമൻ വെൽഫയർ ഫൗണ്ടേഷൻ എന്ന സംഘടനയാണ് ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇന്ത്യയിൽ ഋതുമതികളായ സ്ത്രീകളിൽ വെറും 12 ശതമാനം പേര് മാത്രമാണ് നാപ്കിൻ ഉപയോഗിക്കുന്നത്. ബാക്കിയുള്ളവർ അശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുകയാണ്. നാപ്കിന്റെ വില വർധിക്കുന്നത് ഇതിന്റെ ഉപയോഗം വീണ്ടും താഴാൻ ഇടയാക്കുമെന്നും സംഘടന വാദിക്കുന്നു.