അഴിമതിയുടെ ഗാന്ധി കുടുംബ മാതൃകക്കെതിരായ കേസാണ് നാഷണൽ ഹെറാൾഡ് തട്ടിപ്പ് കേസ് എന്ന് ബിജെപി. രാജ്യം കണ്ട വലിയ കൊള്ളയാണ് നാഷണൽ ഹെറാൾഡ് തട്ടിപ്പ് എന്ന് പറഞ്ഞ ബിജെപി നേതാവ് രവിശങ്കർ പ്രസാദ് രാഷ്ട്രീയ പാർട്ടിയുടെ പണം സ്വകാര്യ സ്വത്ത് കൈക്കലാക്കാൻ ഉപയോഗിച്ചെന്ന് കുറ്റപ്പെടുത്തി. കേസ് റദ്ദാക്കാനുള്ള കോൺഗ്രസ് അപേക്ഷ നേരത്തെ സുപ്രീംകോടതി തള്ളിയതാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം നൽകിയതിൽ കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും. കേസിൽ സോണിയ ഗാന്ധിയെ ഒന്നാം പ്രതിയും രാഹുൽ ഗാന്ധിയെ രണ്ടാം പ്രതിയുമാക്കിയാണ് റൗസ് അവന്യു കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഇതിനെതിരെ ഇഡി ഓഫീസുകൾ ഉപരോധിച്ച് പ്രതിഷേധിക്കാനാണ് കോൺഗ്രസിന്റെ ആഹ്വാനം. എഐസിസി ഓഫീസിന് മുന്നിൽ നിന്ന് ദില്ലിയിലെ പ്രവർത്തകർ പ്രതിഷേധ മാർച്ചായി ഇഡി ഓഫീസിലെത്തും.
സുമൻ ദുബെ, സാം പിട്രോഡ, സുനിൽ ഭന്ധാരി, യങ് ഇന്ത്യ, ഡോട്ടെക്സ് മെർച്ചൻഡൈസ്, എന്നിവരും പ്രതിപട്ടികയിലുണ്ട്. ഇഡിയുടെ കുറ്റപത്രം രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതികളുടെ ഭാഗം മാത്രമെന്ന് കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. കള്ളക്കേസ് കോടതി വരാന്തയിൽ പോലും നിൽക്കില്ല. ഈ മാസം 30ന് സമർപ്പിച്ചില്ലെങ്കിൽ കേസ് തള്ളി പോകുമെന്നതിനാൽ തട്ടിക്കൂട്ടിയ കുറ്റപത്രമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
നാഷണൽ ഹെറാൾഡ് ഇടപാടിലൂടെ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ 2000 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിയെടുക്കാനാണ് ഗൂഢാലോചന നടത്തിയതെന്ന് ഇഡി കുറ്റപത്രം. 5000 കോടിയുടെ അഴിമതിയാണ് നടന്നത്. സെക്ഷൻ 25ന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യംഗ് ഇന്ത്യ ഒരു ജീവകാരുണ്യ പ്രവർത്തനവും നടത്തിയിട്ടില്ല. എജെഎൽ സ്വത്തുവകകളുടെ ഉടമസ്ഥാവകാശം സോണിയാ ഗാന്ധിയിലേക്കും രാഹുൽ ഗാന്ധിയിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു എന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രം 25ന് കോടതി വീണ്ടും പരിഗണിക്കും. നാഷണൽ ഹെറാൾഡ് കേസിൽ സുപ്രീംകോടതിയെ സമീപിക്കുന്നതും കോൺഗ്രസ് ചർച്ച ചെയ്യുന്നുണ്ട്. പ്രത്യേക കോടതിയിലെ നടപടികൾക്ക് സ്റ്റേ ആവശ്യപ്പെടുന്നതാണ് പരിഗണനയിലുള്ളത്.
2014ല്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സിബിഐയും ഇഡിയും അന്വേഷണം തുടങ്ങിയത്. നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിയിരുന്ന അസോസിയേറ്റഡ് ജേര്ണല്‍ ലിമിറ്റഡിനെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടമാരായ യംഗ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ വന്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. 2000 കോടിക്കടുുത്ത് വിലവരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ സ്വത്ത് 50 ലക്ഷം രൂപക്ക് തട്ടിയെടുത്തുനെന്നുവെന്നായിരുന്നു കേസ്.