ബോളിവുഡ് നടി രവീന ടണ്ടൻ, സംവിധായകയും നൃത്തസംവിധായകയുമായ ഫറാ ഖാൻ, ഹാസ്യനടി ഭാരതി സിംഗ് എന്നിവർക്കെതിരെ ടി.വി പരിപാടിയിൽ ഒരു സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് അമൃത്സർ പൊലീസ് കേസെടുത്തു.
ക്രിസ്തുമസ് ദിനത്തിൽ സംപ്രേഷണം ചെയ്ത ഷോയുടെ വീഡിയോ ഫൂട്ടേജുകൾക്കൊപ്പം ക്രിസ്ത്യൻ ഫ്രണ്ട് ഓഫ് അജ്നാല ബ്ലോക്ക് പ്രസിഡന്റ് സോനു ജാഫർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്തത്.
“ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു” എന്ന് പരാതിക്കാരൻ ആരോപിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് അജ്നാല പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഏതെങ്കിലും മതത്തെ അപമാനിക്കുന്നതിലൂടെയോ മതവിശ്വാസത്തെ അപമാനിക്കുന്നതിലൂടെയോ മതപരമായ വികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചു എന്നാണ് കേസ്.
മൂന്നുപേർക്കെതിരെ ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അമൃത്സർ റൂറൽ എസ്എസ്പി വിക്രം ജീത് ദുഗൽ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.