സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ പൊലീസ് കേസെടുത്തു. സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലിന്റെ പരാതിയിൽ ഡൽഹി പൊലീസാണ് കേസെടുത്തത്. ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിന് എതിരെ സംസാരിച്ചത്. മലേറിയയും കൊറോണയും ഡെങ്കിപ്പനിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധര്‍മ്മമെന്നും ഇത് ഉൻമൂലനം ചെയ്യപ്പെടേണ്ടത് ആണെന്നുമായിരുന്നു ഉദയനിധിയുടെ പരാമർശം. സനതന ധർമം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞിരുന്നു.
സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ് സനാതനധർമ്മമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിൻ സനാതന ധര്‍മ്മത്തെ എതിർത്താൽ മാത്രം പോരെന്നും ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞു. മലേറിയയും കൊറോണയും ഡെങ്കിപ്പനിയും പോലെ എന്നാണ് ഉദയനിധി സ്റ്റാലിന്‍ ഉപമിച്ചത്.
ഈ പരാമർശത്തിന് എതിരെയാണ് സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ ഡൽഹി പൊലീസിൽ പരാതി നൽകിയത്. മതനിന്ദ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഉദയനിധിയുടെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനമാണ് ഉദയനിധി സ്റ്റാലിൻ നടത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. അതേസമയം തൻ്റെ നിലപാടിൽ മാറ്റം ഇല്ലെന്നും കോടതിയിൽ ഇത് തെളിയിക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.