ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഇത്തരം കേസുകളുടെ വിചാരണയില്‍ പൊതുമാനദണ്ഡം സ്വീകരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് കണ്ടെത്തി.
ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകളില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ഒരേ തരത്തിലുള്ള മാര്‍ഗ നിര്‍ദ്ദേശം നല്‍കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഇത്തരം കേസുകളില്‍ ആര്‍ട്ടിക്കിള്‍ 227 അനുസരിച്ച് ഹൈക്കോടതികള്‍ക്ക് നടപടിയെടുക്കാമെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. ഇത്തരം കേസുകള്‍ പരിഗണിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു.
ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട തീര്‍പ്പുകല്‍പ്പിക്കാത്ത ക്രിമിനല്‍ കേസുകള്‍ നേരത്തെ തീര്‍പ്പാക്കുന്നത് നിരീക്ഷിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ സ്വമേധയാ ഒരു കേസ് രജിസ്റ്റര്‍ ചെയ്യണം. ഹൈക്കോടതിയുടെ പ്രത്യേക ബഞ്ചാണ് കേസ് പരിഗണിക്കേണ്ടത്. ചീഫ് ജസ്റ്റിസായിരിക്കണം ബഞ്ചിന്റെ അധ്യക്ഷന്‍.
ഇത്തരം കേസുകള്‍ നിശ്ചിത ഇടവേളകളില്‍ ഹൈക്കോടതി ബഞ്ചിന് കേസ് ലിസ്റ്റ് ചെയ്യാം. കേസുകള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ പുറപ്പെടുവിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഹൈക്കോടതിയ്ക്ക് അധികാരമുണ്ട്. കോടതിയെ സഹായിക്കാന്‍ സ്‌പെഷ്യല്‍ ബഞ്ചിന് അഡ്വക്കേറ്റ് ജനറലിന്റെയും പ്രോസിക്യൂട്ടറുടേയും സഹായം തേടാം.
വധശിക്ഷയോ ജീവപര്യന്തം തടവോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റങ്ങളില്‍ എംപിമാരോ എംഎല്‍മാരോ പ്രതികളായാല്‍ അത്തരം കേസുകള്‍ ഹൈക്കോടതികള്‍ക്ക് വേഗത്തില്‍ പരിഗണിക്കാം. വിചാരണ കോടതികള്‍ അടിയന്തര ഘട്ടങ്ങളില്‍ ഒഴികെ കേസ് മാറ്റിവയ്ക്കരുത്.