രാജ്യതലസ്ഥാനത്ത് വെടിവെച്ച് കൊന്ന് ലക്ഷങ്ങളുടെ കവര്‍ച്ച. ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മിലേക്ക് പണവുമായി പോയ വാഹനം തടഞ്ഞു നിര്‍ത്തിയാണ് കവര്‍ച്ചാ സംഘം വെടിയുതിര്‍ത്തത്. എടിഎമ്മുകളി നിറയ്ക്കാനുണ്ടായിരുന്ന പണമാണ് വാനിലുണ്ടായിരുന്നത്.
വസീറാബാദ് ഏരിയയിലെ ഫ്ളൈ ഓവറിന് സമീപമുള്ള ഐസിഐസിഐ എടിഎമ്മിന് സമീപത്തുവെച്ച് അക്രമികള്‍ വാന്‍ തടഞ്ഞു നിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥന് വെടിയേല്‍ക്കുന്നത്. വാനിലുണ്ടായിരുന്ന എട്ടരലക്ഷം രൂപ കവര്‍ച്ചക്കാര്‍ കൊള്ളയടിച്ചു. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ തല്‍ക്ഷണം മരിച്ചു. ഇന്നു വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.
”ഇന്ന് വൈകുന്നേരം അഞ്ചിന്, ജഗത്പുരി മേല്‍പ്പാലത്തിന് സമീപമുള്ള ഐസിഐസിഐ എടിഎമ്മില്‍ പണം നിക്ഷേപിക്കുന്നതിനായി ഒരു ക്യാഷ് വാന്‍ എത്തി. ഒരാള്‍ പിന്നില്‍ നിന്ന് വന്ന് കാഷ് വാനിന് ഒപ്പമെത്തിയ സെക്യൂരിറ്റിക്ക് നേരെ വെടിയുതിര്‍ക്കുകയും പണം എടുത്ത് രക്ഷപ്പെടുകയും ചെയ്തു. ഗാര്‍ഡിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് എട്ടു ലക്ഷം രൂപ കൊള്ളയടിച്ചതായി വ്യക്തമായി. പണത്തിന്റെ ലോഗ്ബുക്ക് കൈവശമുള്ളത് വാനിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനാണ്. ഇദേഹം ഇപ്പോള്‍ ആശുപത്രിയിലാണ്. തുടര്‍ന്ന് അദേഹത്തിന്റെ കൈയിരെ രേഖകള്‍ കൂടി പരിശോധിച്ചാലേ നഷ്ടപ്പെട്ടത് എത്രതുകയാണെന്ന് കൃത്യമായി കണക്കാക്കാനാവൂവെന്ന് പൊലീസ് വ്യക്തമാക്കി. അക്രമികള്‍ക്കായി ഡല്‍ഹി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.