കാവേരി ജലം തമിഴ്‌നാടിന് നല്‍കില്ല; വെള്ളം തുറന്നുവിടുന്നത് ബംഗളൂരുവിലേക്കെന്ന് ഡികെ ശിവകുമാര്‍

കാവേരി ജലം തമിഴ്‌നാടിന് നല്‍കില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. കാവേരി ജലം തുറന്നുവിടുന്നത് തമിഴ്‌നാട്ടിലേക്കല്ല മറിച്ച് ബംഗളൂരുവിലേക്കാണെന്നും ശിവകുമാര്‍ പറഞ്ഞു. തമിഴ്‌നാട്ടിലേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ കൃത്യമായ കണക്കുണ്ട്. തമിഴ്‌നാട്ടിലേക്ക് കൃഷ്ണരാജ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നുവെന്ന ആരോപണത്തില്‍ മറുപടി പറയുകയായിരുന്നു ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍.

വെള്ളം ഒഴുക്കിവിട്ടാലും തമിഴ്‌നാട്ടിലെത്താന്‍ നാല് ദിവസം വേണ്ടിവരുമെന്നും ഡികെ ശിവകുമാര്‍ അറിയിച്ചു. ബംഗളൂരു നഗരം ജലക്ഷാമത്തില്‍ വലയുകയാണ്. നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ടാങ്കറിലെത്തുന്ന വെള്ളം മാത്രമാണ് ആശ്രയം. മലയാളികള്‍ ഉള്‍പ്പെടെയുള്ള ബംഗളൂരു നിവാസികള്‍ ദുരിതത്തിലായിട്ടുണ്ട്.

Read more

അതേ സമയം കൃഷ്ണരാജ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം നല്‍കുന്നുണ്ടെന്ന് ആരോപിച്ച് കര്‍ഷക ഹിതരക്ഷാ സമിതി ഞായറാഴ്ച ജില്ലാ ആസ്ഥാനമായ മാണ്ഡ്യയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് പുറമേ ഡിഎംകെ സര്‍ക്കാരിന്റെ താത്പര്യം സംരക്ഷിക്കാനാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.