Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

സി.ബി.ഐയ്ക്ക് ഛത്തീസ്ഗഢിലും ‘വിലക്ക്’;മോദി സര്‍ക്കാരിന്റെ കൂട്ടിലെ തത്ത മൂന്ന് സംസ്ഥാനങ്ങളില്‍ ഇനി സ്വതന്ത്രമായി പറക്കില്ല

, 10:39 am

കേന്ദ്ര ഏജന്‍സികളെ സ്വന്തം താത്പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന കേന്ദ സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ച് മറ്റൊരു സംസ്ഥാനം കൂടി രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബി ഐ യ്ക്ക് പ്രവര്‍ത്തനാനുമതി പരിമിതപ്പെ ടുത്തി. ബിജെപിയെ തൂത്തെറിഞ്ഞ് അധികാരത്തിലെത്തിയ ഛത്തീസ്ഗഢിലാണ് പുതിയ സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിയ്ക്കുളള പൊതുവായ അനുമതി നിഷേധിച്ചത്.

ഇനി സംസ്ഥാന പരിധിയിലുള്ള കേസുകള്‍ അന്വേഷിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി സി ബി ഐ യ്ക്ക് തേടേണ്ടിവരും. കേന്ദ്രസര്‍ക്കാര്‍ സി ബി ഐ, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ്,സിഎജി എന്നിവ അടക്കമുള്ള ഏജന്‍സികളെ സ്വന്തം താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും എതിരാളികളെ വകവരുത്താന്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.

അലോക് വര്‍മ്മയെ സിബി ഐ മേധാവി സ്ഥാനത്ത് നിന്നു പുറത്താക്കിയത് റഫേല്‍ ഇടപാട് അടക്കമുള്ള കാര്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടാണെന്നും ആക്ഷേപമുണ്ടായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ മാസങ്ങള്‍ക്ക് മുമ്പെ തന്നെ ആന്ധ്ര പ്രദേശും പശ്ചിമബംഗാളും സിബി ഐ യ്ക്കുള്ള പ്രവര്‍ത്തനാനുമതി പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഛത്തീസ് ഗഢിലെ കോണ്‍ഗ്രസ് മന്ത്രിസഭയും സിബി ഐയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനത്തിന് തത്വത്തില്‍ വിലക്കേര്‍പ്പെടുത്തുന്നത്.

ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ് മെന്റ് ആക്ടിന് കീഴിലാണ് ഈ അന്വേഷണ ഏജന്‍സി വരുന്നത്.ഇതനുസരിച്ച് സംസ്ഥാനത്ത് ജോലി ചെയ്യുന്ന കേന്ദ്രജീവനക്കാരുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കണമെങ്കില്‍ അതാത് സംസ്ഥാനങ്ങളുടെ പൊതുഅനുമതി ആവശ്യമാണ്.പൊതു സമാധാനവും പൊലീസും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്. ഇത് കണക്കിലെടുത്താണ് പ്രവര്‍ത്തനാനുമതിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി ഭൂപേഷ് ഭഗേല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു.

കഴിഞ്ഞ കുറെ മാസങ്ങളായി സിബി ഐ യില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ സംശയം ജനപ്പിക്കുന്നതാണ്. ഇതുകൊണ്ട് സംസ്ഥാനത്ത് പ്രവര്‍ത്തനാനുമതി നല്‍കുന്നത് ശരിയല്ല. എന്നാല്‍ ഏജന്‍സിയെ നിരോധിക്കുന്നില്ല പകരം എന്ത് കേസ് അന്വേഷിക്കണമെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടി വരും -മുഖ്യമന്ത്രി വ്യക്തമാക്കി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അധികാരത്തില്‍ മടങ്ങിയെത്തിയ സിബി ഐ മേധാവി അലോക് വര്‍മയെ അടുത്ത ദിവസം നരേന്ദ്ര മോദി പുറത്താക്കിയതിന് പിറ്റേന്നാണ് ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ തീരുമാനം പുറത്ത് വരുന്നത്.

Advertisement