കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സഞ്ജയ് റോയിക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കുറ്റപത്രം സമർപ്പിച്ചു. കൊൽക്കത്ത പൊലീസിൽ സിവിൽ വോളൻ്റിയറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന സഞ്ജയ് റോയിക്കെതിരെയാണ് ബലാത്സംഗ, കൊലപതാക കുറ്റങ്ങൾ സിബിഐ ചുമത്തിയത്.
അന്വേഷണം പൂർത്തിയാക്കിയ കേന്ദ്ര ഏജൻസി ഇന്ന് ഉച്ചയോടെ സീൽദയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. സഞ്ജയ് റോയിയെ മുഖ്യപ്രതിയാക്കിയ കുറ്റപത്രത്തിൽ ഇരുനൂറോളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഒന്നിലധികം പ്രതികൾ ഉണ്ടോയെന്നും ഇതൊരു കൂട്ടബലാത്സംഗക്കേസാണോയെന്നും അന്വേഷണം തുടരുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 9 നാണ് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ഡോക്ടറുടെ ശരീരത്തിൽ ആന്തരികവും ബാഹ്യവുമായ 25 മുറിവുകൾ ഉണ്ടായിരുന്നു. രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാൻ കോടതി ആവശ്യപ്പെട്ടത്.
ലോക്കൽ പൊലീസിൽ സിവിൽ വോളൻ്റിയറായി ജോലി ചെയ്തിരുന്ന സഞ്ജയ് റോയ്, ആഗസ്ത് 9 ന്, വിശ്രമവേളയിൽ ആശുപത്രിയിലെ സെമിനാർ മുറിയിൽ ഉറങ്ങാൻ പോയപ്പോഴാണ് കുറ്റകൃത്യം ചെയ്തതെന്ന് സിബിഐ പറയുന്നു. ആശുപത്രിയിൽ പതിവായി വന്നിരുന്ന റോയിയെ ഒരു ദിവസത്തിന് ശേഷം കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം സംഭവത്തെ തുടർന്ന് രണ്ട് മാസമായി സമരം ചെയ്യുന്ന ഡോക്ടർമാർ ഇപ്പോൾ കേസിൽ നീതി ആവശ്യപ്പെട്ടും ആശുപത്രികളായിലെ സുരക്ഷാ aആവശ്യപ്പെട്ടും നിരാഹാര സമരത്തിലാണ്.