കന്നഡനടി രന്യ റാവുവിന് കൂടുതല്‍ കുരുക്ക്; സ്വര്‍ണക്കടത്ത് കേസ് ഏറ്റെടുത്ത് സിബിഐ; എല്ലാ കേസുകളും ഒരുമിച്ച് അന്വേഷിക്കും

കന്നഡനടി രന്യ റാവു ദുബായില്‍നിന്ന് സ്വര്‍ണംകടത്തിയ കേസ് ഏറ്റെടുത്ത് അന്വേഷിക്കാന്‍ സിബിഐ. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സില്‍(ഡിആര്‍ഐ.)നിന്ന് സിബിഐ വിവരങ്ങള്‍ ശേഖരിക്കും.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ സ്വര്‍ണംകടത്തുന്ന സംഘങ്ങള്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇതിന്റെ കൂടി ഈ കേസു അന്വേഷിക്കാനാണ് സിബിഐ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സിബിഐ ഉദ്യോഗസ്ഥര്‍ ബെംഗളൂരുവിലെത്തി.

കര്‍ണാടക പോലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ ഡിജിപി രാമചന്ദ്രറാവുവിന്റെ വളര്‍ത്തുമകളായ രന്യ അദ്ദേഹത്തിന്റെ പേരുപറഞ്ഞ് ഗ്രീന്‍ ചാനല്‍ വഴിയായിരുന്നു സുരക്ഷാപരിശോധനയില്ലാതെ വിമാനത്താവളത്തില്‍നിന്ന് പുറത്തുകടന്നിരുന്നത്. ഒരുവര്‍ഷത്തിനിടെ സ്വര്‍ണക്കടത്തിനായി രന്യ 30 തവണ ദുബായ് യാത്ര നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഡിആര്‍ഐ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ 15 ദിവസത്തിനിടെ നടി നാല് തവണയാണ് ദുബായ് യാത്ര നടത്തിയത്. സ്വര്‍ണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവര്‍ത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

വിമാനത്താവളത്തില്‍ രന്യ റാവു താന്‍ ഡിജിപിയുടെ മകളാണെന്ന് അവകാശപ്പെടുകയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരെ വിളിക്കുകയുമായിരുന്നു. എന്നാല്‍, ഡി.ആര്‍.ഐ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടതോടെ പൊലീസ് പിന്‍വലിയുകയായിരുന്നു.