നീറ്റ് ചോർച്ച വ്യാപകമല്ലെന്ന് സിബിഐ റിപ്പോർട്ട്. ബിഹാറിലെ ഒരു കേന്ദ്രത്തിൽ മാത്രമാണ് ചോദ്യപേപ്പർ ചോർന്നതെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു. യഥാർത്ഥ ചോദ്യപേപ്പറല്ല പ്രചരിപ്പിച്ചതെന്നും വ്യാജ ചോദ്യപേപ്പറിൻ്റെ സ്ക്രീൻ ഷോട്ടുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. തൽസ്‌ഥിതി റിപ്പോർട്ട് സിബിഐ സുപ്രീം കോടതിയിൽ സമർപ്പിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർത്തിയത് പരീക്ഷക്ക് വേണ്ടി ജാർഖണ്ഡിലെ സ്കൂളിലേക്ക് കൊണ്ടു പോകും വഴിയാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ചോർത്തിയ പരീക്ഷാ പേപ്പറുകൾ 50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാർത്ഥികൾക്ക് എത്തിച്ചു. പരീക്ഷാ പേപ്പർ ചോർന്ന വിഷയം വ്യക്തമായിരുന്നിട്ടും, സ്കൂൾ അധികൃതർ ഇക്കാര്യം സമയത്ത് എൻടിഎയെ അറിയിച്ചില്ല. വിവരം അറിഞ്ഞ ശേഷം എൻടിഎയും തെളിവുകൾ മറച്ചു വച്ചെന്നാണ് സിബിഐ റിപ്പോർട്ടിൽ വിശദീകരിക്കുന്നത്.
അതേസമയം നീറ്റ്-യുജി 2024 പരീക്ഷ ക്രമക്കേടിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. പുനഃപരീക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനം എടുക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇന്നലെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ആരോപണവിധേയമായ ക്രമക്കേടുകൾ മുഴുവൻ പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്ന് എൻടിഎ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമാണെന്നും വ്യാപക ചോർച്ച ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.