സംസ്ഥാന സർക്കാരുകളുടെ അനുവാദമില്ലാതെ കേസ് അന്വേഷണം നടത്താൻ കഴിയില്ലെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് മഹാരാഷ്ട്ര. എവിടെയും പോയി എന്തും ചെയ്യാനുള്ള പെട്ടിക്കട ഏജൻസിയായി സി.ബി.ഐയെ കേന്ദ്ര സർക്കാർ മാറ്റിയെന്ന് മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി അസ്‍ലം ഷെയിഖ് പരിഹസിച്ചു.
കോടതി വിധി സ്വാഗതം ചെയ്യുന്നതായി പറഞ്ഞ മന്ത്രി അസ്‍ലം ഷെയിഖ്, ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ ചെന്ന് ആരെയും പിടിച്ചുകൊണ്ട് പോകുന്നതാണ് സി.ബി.ഐയുടെ പുതിയ രീതിയെന്നും കുറ്റപ്പെടുത്തി.
ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിലെ ആറാം വകുപ്പ് പ്രകാരം സംസ്ഥാനത്തിന്‍റെ അധികാര പരിധിയിലുള്ള കേസുകളില്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നിര്‍ബന്ധമാണെന്ന് ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചൊവ്വാഴ്ച്ച വ്യക്തമാക്കിയിരുന്നു. ഫെഡറൽ സംവിധാനങ്ങൾക്ക് അതിന്റേതായ അധികാരമുണ്ട്. അനുമതിയില്ലാതെ എവിടെയും സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സി.ബി.ഐക്ക് അന്വേഷണം നടത്താനുള്ള പൊതു സമ്മതി കേരളമുൾപ്പടെയുള്ള എട്ട് സംസ്ഥാനങ്ങൾ പിൻവലിച്ച തൊട്ടുടനെയാണ് സി.ബി.ഐയെ പ്രതിരോധത്തിലാക്കിയുള്ള കോടതിവിധി വന്നതെന്നുള്ളതും ശ്രദ്ധേയമാണ്.