ഉന്നാവോ ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ വാഹനത്തില്‍ ട്രക്കിടിച്ച സംഭവം സി.ബി.ഐ അന്വേഷിക്കും. സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ നല്‍കിയതായി ലക്നൗ എ.ഡി.ജി.പി അറിയിച്ചു. കുല്‍ദീപ് സെന്‍ഗര്‍ ആസൂത്രണ ചെയ്ത അപകടമാണ് ഇതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് അമ്മായിമാര്‍ മരിച്ചു. പെണ്‍കുട്ടിയുടെ അഡ്വക്കേറ്റിനും പരിക്കേറ്റിട്ടുണ്ട്. ട്രക്ക് പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ വര്‍ഷം ബി.ജെ.പി, എം..എല്‍എയ്ക്കെതിരെ 16-കാരിയായ ഉന്നാവോ പെണ്‍കുട്ടി നല്‍കിയ ബലാത്സംഗ പരാതിയും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എം.എല്‍.എയെ സംരക്ഷിക്കുന്നതായുള്ള ആരോപണവും വലിയ പ്രതിഷേധം ബി.ജെ.പിക്കെതിരെ ഉയര്‍ത്തിയിരുന്നു.
ബാംഗര്‍മാവു എം.എല്‍.എയായ കുല്‍ദീപ് സെന്‍ഗറിനേയും സഹോദരനേയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ബലാത്സംഗവും ക്രിമിനല്‍ ഗൂഢാലോചനയും സെന്‍ഗറിന് മേല്‍ ചുമത്തിയിരുന്നു. കുല്‍ദീപ് സെന്‍ഗര്‍ ഒരു വര്‍ഷമായി ജയിലിലാണ്. സഹോദരന്‍ അതുല്‍ സെന്‍ഗറിനും (ജയ്ദീപ് സിംഗ്) മറ്റ് രണ്ട് പേര്‍ക്കുമെതിരെ കൊലക്കുറ്റവും ചുമത്തിയിരുന്നു. ജോലി വാഗ്ദാനം ചെയ്താണ് ശശി സിംഗ് എന്നയാള്‍ പെണ്‍കുട്ടിയെ എം.എല്‍.എയ്ക്കടുത്ത് കൊണ്ടു പോയത്. ശശി സിംഗും കേസില്‍ പ്രതിയാണ്. പെണ്‍കുട്ടിയെ 2017 ജൂണില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് കേസ്.
നേരത്തെയും പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും നേരെ ആക്രമണമുണ്ടായിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചിരുന്നു. ബി.ജെ.പി എം..എല്‍എ കുല്‍ദീപ് സെന്‍ഗറിന്റെ സഹോദരന്‍ പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. കസ്റ്റഡി പീഡനങ്ങളേയും മര്‍ദ്ദനങ്ങളേയും തുടര്‍ന്ന് ഇദ്ദേഹം മരിക്കുകയായിരുന്നു. ഏപ്രില്‍ എട്ടിന് മുഖ്യമന്ത്രി യോഗിയുടെ വീടിന് മുമ്പില്‍ പ്രതിഷേധവുമായെത്തിയ പെണ്‍കുട്ടിയും അമ്മയും തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഉന്നാവോ പൊലീസ് മൂന്ന് കേസുകളാണ് എടുത്തിരുന്നത്.
പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. റായ്ബറേലി ജില്ല ജയിലിലുള്ള അമ്മാവനെ കാണാന്‍ പോകുമ്പോളാണ് കാറില്‍ ട്രക്കിടിച്ചത്. നമ്പര്‍ പ്ലെയ്റ്റില്‍ കറുത്ത പെയിന്റടിച്ച് നമ്പര്‍ മറച്ച നിലയിലായിരുന്നു. ട്രക്ക് ഡ്രൈവറേയും ഉടമയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രക്കും നമ്പര്‍ പ്ലേറ്റുകളും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. സാധാരണ ഇവര്‍ക്ക് പുറത്തു പോകുമ്പോള്‍ പൊലീസ് സുരക്ഷയുണ്ടാകാറുണ്ട് എന്നും ഇന്ന് അവര്‍ അത് വേണ്ടെന്ന് പറഞ്ഞതാണ് പ്രശ്നമായത് എന്നും പൊലീസ് പറയുന്നു.