വിവാദങ്ങള്‍ക്ക് വിട, അമര്‍ത്യസെന്നിനെ കുറിച്ചുള്ള ഡോക്യുമെന്ററിക്ക് അനുമതി; കത്രിക വയ്ക്കേണ്ടതില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍

മാസങ്ങള്‍ നീണ്ടുനിന്ന വിവാദങ്ങള്‍ക്കൊടുവില്‍ നോബേല്‍ സമ്മാന ജേതാവായ അമര്‍ത്യസെന്നിനെ കുറിച്ചുള്ള ഡോക്യുമെന്ററിക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി. നാലു വാക്കുകള്‍ സിനിമയില്‍ നിന്നും ഒഴിവാക്കണമെന്നും അവയ്ക്ക് പകരം ബീപ് ശബ്ദങ്ങള്‍ നല്‍കണമെന്നുമുള്ള സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യത്തെ നിരാകരിച്ചതിനെ തുടര്‍ന്നാണ് സിനിമയുടെ പ്രദര്‍ശനാനുമതി വൈകിയത്. പശു, ഗുജറാത്ത്, ഹിന്ദുത്വ, ഹിന്ദു എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. വാക്കുകള്‍ ഒഴിവാക്കാതെയാണ് “ദി ആര്‍ഗ്യുമെന്റേറ്റിവ് ഇന്ത്യന്‍” എന്നു പേരിട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുക.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെന്‍സറിങ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി തന്റെ സിനിമ കണ്ടെന്നും വാക്കുകള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കുകയുമായിരുന്നെന്നും സംവിധായകന്‍ സുമന്‍ ഘോഷ് അറിയിച്ചു. സിനിമ കണ്ട ശേഷം പ്രസൂണ്‍ ജോഷി താനുമായി കൂടിക്കാഴ്ച നടത്തിയെന്നും സിനിമയിലെ രംഗങ്ങള്‍ക്ക് കത്രിക വയ്ക്കില്ലെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നെന്നും സുമന്‍ കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക ശാസ്ത്രജ്ഞനായ സുമന്‍ ഘോഷ് 15 വര്‍ഷംകൊണ്ടാണു സെന്നിനെക്കുറിച്ചുള്ള സിനിമ പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൗശിക് ബസുവുമായി സെന്‍ നടത്തുന്ന സംഭാഷണത്തിനിടെയാണു പശുവും ഗുജറാത്തുമൊക്കെ കടന്നുവരുന്നത്. നിര്‍ദേശിച്ചപ്രകാരം പദങ്ങള്‍ ഒഴിവാക്കിയാല്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു ബോര്‍ഡിന്റെ നയം. എന്നാല്‍ ആരോപിക്കപ്പെടുന്നത് പോലെ ആ വാക്കുകള്‍ അപകടകരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിനിമക്ക് പ്രദര്‍ശനത്തിന് അനുമതി ലഭിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.