ഇ സിരഗറ്റുകളുടെ കാര്യത്തില്‍ കേന്ദ്രത്തിന് നിലപാടെടുക്കാനാവുന്നില്ല, എന്തുകൊണ്ട് ?

ഇ സിഗരറ്റ് നിയന്ത്രിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമാവാതെ കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ വകുപ്പിന്റെ കീഴില്‍ നടന്ന പഠന റിപ്പോര്‍ട്ട് പ്രകാരം ഇ സിഗരറ്റുകള്‍ അപകടകരമാണെന്നും അവ നിയന്ത്രിക്കണമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും നടപടികളൊന്നും സ്വീകരിക്കാതെ കടുത്ത അനാസ്ഥയിലാണ് സര്‍ക്കാര്‍. ഇ സിഗരറ്റുകള്‍ പൂര്‍ണമായും ഒഴിവാക്കാതെ അവയുടെ വില്‍പനയില്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ഇത്തരം സിഗരറ്റുകള്‍ നിരോധിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും വന്‍കിട സിഗരറ്റ് കമ്പനികളെ നിരോധിക്കാനാവാതെ കേന്ദ്ര സര്‍ക്കാര്‍ കുഴയുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ നാല് മാസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് മൂന്ന് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. പുകയില പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഗസ്ത് മാസത്തില്‍ സമര്‍പ്പിച്ചിരുന്നതായി മന്ത്രാലയവുമായി ബന്ധമുള്ള വൃത്തങ്ങള്‍ പറയുന്നു. 1940 ലെ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്‌റ്റ്സ് പ്രകാരം പുകയില ഉത്പന്നമായ ഇ സിഗരറ്റും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല.

ഇ സിഗരറ്റ് അഥവാ ഇലക്ട്രോണിക് സിഗരറ്റ് കൈയില്‍ കൊണ്ട് നടക്കാവുന്നവയും പുകയില വലിക്കുന്നതുപോലുള്ള അനുഭവം ഉണ്ടാക്കുന്നവയുമാണ്.ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്കും കരള്‍ രോഗങ്ങള്‍ക്കും കാരണമായേക്കാവുന്ന നിക്കോട്ടിന്റെ അളവ് ഇ സിഗരറ്റുകളില്‍ ക്രമാതീതമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റു പുകയില ഉത്പന്നങ്ങള്‍ക്കുള്ള ബദലായാണ് ഇ സിഗരറ്റുകള്‍ വിപണിയിലെത്തുന്നത്. എന്നാല്‍ പുകവലി ഒരു ശീലമായി പരിണമിക്കുന്നതിനും ഇത് വഴിയൊരുക്കുകയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.