ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആധാറും പാനും ഇനി നിർബന്ധമാകില്ല , നിയമഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ അവസാന തിയ്യതി കേന്ദ്രസര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിയതിനു പിന്നാലെ, അക്കൗണ്ട് ആരംഭിക്കാന്‍ ആധാര്‍, പാന്‍ കാർഡ് എന്നിവ നിർബന്ധമാക്കുന്ന നിയമം ഒഴിവാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. 2002 ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്താണ് ബാങ്ക് അക്കൗണ്ടിന് ആധാറും, പാന്‍ കാര്‍ഡും നിര്‍ബന്ധമാക്കിയത്. ഈ നിയമമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യാൻ ഒരുങ്ങുന്നത്. ഒട്ടേറെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമാമൊരു നീക്കം ഉണ്ടായിരിക്കുന്നത്. സർക്കാർ സേവനങ്ങൾക്ക് ആധാർ നിര്ബന്ധമാകുന്നതിനെതിരായ ഹർജികൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കേന്ദ്ര സർക്കാർ ബാങ്ക് അക്കൗണ്ട്, മ്യൂച്ചല്‍ ഫണ്ട് ഫോളിയോ, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവുമായി ആധാര്‍ ലിങ്ക് ചെയ്യേണ്ടതിന്റെ അവസാന തിയ്യതി അനിശ്ചിതമായി നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31 വരെ സമയം നീട്ടിനല്‍കാമെന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ഡിസംബര്‍ ഏഴിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാനതിയ്യതിയും നീട്ടിയിരുന്നു. ,സുപ്രീം കോടതി ആധാറിനെ സംബന്ധിച്ചുള്ള കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തിടുക്കപ്പെട്ട നടപടി.

പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം ഇതുവരെ ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും അക്കൗണ്ട് തുറക്കാനായി ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമായിരുന്നു. ഡിസംബര്‍ 31 മുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ടുകള്‍ മരിവിപ്പിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ അവസാന തിയ്യതി നീട്ടിയതോടെ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനായി ആധാര്‍ നിര്‍ബന്ധമല്ലെന്ന നിലപാടിലെത്തിയിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍.

Read more

സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന കള്ളപ്പണത്തെ തടയുന്നതിനുവേണ്ടിയാണ് ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിച്ചിരുന്നത്.