കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം സാമൂഹികവും സാമ്പത്തികവുമായ അസമത്വം വര്‍ദ്ധിപ്പിക്കുമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ഇന്ത്യയിലെ ഓരോ വിദ്യാര്‍ത്ഥിയേയും നേരിട്ട് ബാധിക്കുന്ന വിഷയമാണിതെന്നും വിലകൊടുത്തു വാങ്ങേണ്ട വില്‍പനച്ചരക്കാകുന്നതോടെ മഹാഭൂരിപക്ഷത്തിനും ഔപചാരിക വിദ്യാഭ്യാസം അന്യമാകുമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
ഉന്നതവിദ്യാഭ്യാസത്തിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുകയും സ്‌കോളര്‍ഷിപ്പുകള്‍ ഇല്ലാതാക്കുകയുമാണ് കേന്ദ്രം സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍വ്വകലാശാലകളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കി അധികാരം മുഴുവന്‍ കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ മേഖലയാകെ പൂര്‍ണമായും സ്വകാര്യവല്‍കരിക്കുകയും വാണിജ്യവല്‍ക്കരിക്കുകയുമാണ് ലക്ഷ്യം. ഇതോടെ ഫീസ് കുത്തനെ ഉയരും. സാധാരണക്കാരുടെ മക്കള്‍ക്ക് ഉന്നത പഠനം അപ്രാപ്യമാകും.
ഇന്ത്യന്‍ ജനത ഇന്നനുഭവിക്കുന്ന അവകാശങ്ങള്‍ക്കുമേല്‍ വര്‍ഗീയ, രാഷ്ട്രീയ അജന്‍ഡകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ബുള്‍ഡോസിങ് വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കുകയാണ്. ജനാധിപത്യവും സോഷ്യലിസവും മതനിരപേക്ഷതയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പാഠപുസ്തകങ്ങളില്‍ നിന്ന് യഥാര്‍ഥചരിത്രം ഒഴിവാക്കുന്നത്.
മതം മനുഷ്യന്റെ അവകാശം തീരുമാനിക്കുന്ന സ്ഥിതിയാണിപ്പോള്‍. ഹിജാബ് ധരിച്ചതിന്റെ പേരിലാണ് കര്‍ണാടകത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചത്. ഇടതുപക്ഷത്തിന്റെ മുന്‍കൈയില്‍ രൂപപ്പെട്ട ശക്തമായ പൊതുവിദ്യാഭ്യാസ സംവിധാനമുള്ളത് കേരളത്തിന്റെ നേട്ടമാണ്. വിദ്യാഭ്യാസമേഖലയിലെ സ്വകാര്യവല്‍ക്കരണത്തിന്റെ പ്രഥമലക്ഷ്യം വിദ്യാര്‍ഥികളുടെ ജനാധിപത്യാവകാശങ്ങള്‍ ഇല്ലാതാക്കലാണ്. വിദ്യാര്‍ത്ഥി യൂണിയനുകളെ തെരഞ്ഞെടുക്കാനുള്ള അവകാശം പോലുമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ടെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.