കര്‍ഷക വോട്ടുകള്‍ ലക്ഷ്യം വച്ച് കേന്ദ്രസര്‍ക്കാര്‍; സഹായധനം ഉയര്‍ത്തി പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതി

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ കര്‍ഷകരുടെ സഹായധനം ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതിപ്രകാരം നിലവില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന തുക ഉയര്‍ത്തിയേക്കുമെന്നാണ് വിവരം. ഇതിന് പുറമേ വനിത കര്‍ഷകര്‍ക്കും സഹായധനം ഉയര്‍ത്താനാണ് കേന്ദ്ര പദ്ധതി.

ഫെബ്രുവരി 1ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന പൊതുബജറ്റിലെ പ്രഖ്യാപനങ്ങള്‍ വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച ബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. 11 കോടിയിലധികം കര്‍ഷകര്‍ക്ക് ഇതിലൂടെ പണം ലഭിച്ചിരുന്നു.

തിരഞ്ഞെടുപ്പില്‍ പദ്ധതി എന്‍ഡിഎ സര്‍ക്കാരിന് ഗുണം ചെയ്തു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പിഎം കിസാന്‍ പദ്ധതിപ്രകാരമുള്ള സഹായ ധനം ഉയര്‍ത്താന്‍ കേന്ദ്രം പദ്ധതിയിടുന്നത്. കഴിഞ്ഞ തവണ 6,000രൂപ ആയിരുന്ന പദ്ധതി ഇത്തവണ 8,000-9,000 രൂപയായി വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.

Read more

വനിത കര്‍ഷകര്‍ക്ക് 10,000-12,000 വരെയായി ഉയര്‍ത്താനാണ് തീരുമാനം. വിവാദമായ കര്‍ഷക ബില്ലുകള്‍ പിന്‍വലിച്ചെങ്കിലും കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരില്‍ തൃപ്തരല്ലെന്നാണ് വിലയിരുത്തലുകള്‍. ഇതേ തുടര്‍ന്നാണ് കര്‍ഷക വോട്ടുകള്‍ ലക്ഷ്യം വച്ച് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്ര സര്‍ക്കരാരെത്തുന്നത്.