ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ ഇഡിയെ ഉപയോഗപ്പെടുത്തി അറസ്റ്റ് ചെയ്തതിനെ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ.
കേന്ദ്ര ഭരണത്തിനെതിരെ വര്‍ദ്ധിച്ചുവരുന്ന ജനരോഷവും അഴിമതി പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടപ്പെട്ടതും ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പറത്തുവന്നതുമൊക്കെ മോദി സര്‍ക്കാരിനെയും ബിജെപിയെയും പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാക്കളെ പ്രതികാരബുദ്ധിയോടെ അവര്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യാ കൂട്ടായ്മയില്‍ അംഗമായ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അറസ്റ്റിലാകുന്നത്. ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനായി വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശക്തമായ നിലപാടെടുക്കുന്ന എല്ലാ പ്രതിപക്ഷ നേതാക്കളെയും കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണ്. അതേസമയം കൂറുമാറി ബിജെപിയില്‍ ചേരുന്നവരെ സംരക്ഷിക്കുകയും പിന്തുണക്കുകയും അവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ഡല്‍ഹിയിലും രാജ്യത്തുടനീളവും ഐക്യ പ്രതിഷേധ പ്രകടനങ്ങളില്‍ എല്ലാ പാര്‍ട്ടി യൂണിറ്റുകളും അണിചേരണമെന്നും പിബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.