അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ കാണാൻ സ്ഥാപിച്ച സ്ക്രീനുകൾ തമിഴ്നാട് സർക്കാർ നീക്കം ചെയ്തു. പ്രാണപ്രതിഷ്ഠയുടെ തത്സമയം കാണുന്നതിനായി സ്ഥാപിച്ച എൽഇഡി സ്ക്രീനുകളാണ് നീക്കിയത്. സംഭവത്തെ വിമർശിച്ച് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ രംഗത്തെത്തി. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ തമിഴ്നാട് സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് നിർമല സീതാരാമൻ പറഞ്ഞു.
ജനങ്ങളുടെ ആരാധനയ്‌ക്കുള്ള അവകാശത്തെ ഹനിക്കുന്ന തരത്തിലാണ് ഡിഎംകെ സർക്കാരിന്റെ നിലപാടുകൾ. പ്രശസ്തമായ കാമാക്ഷി ക്ഷേത്രത്തിനുള്ളിൽ 8.00 മണിക്ക് ഭജനകൾ ആരംഭിച്ചിരുന്നതാണ്. എന്നാൽ, തമിഴ്നാട്ടിലെ പൊലീസുകാർ സാധാരണക്കാരെപ്പോലെ ക്ഷേത്രത്തിനുള്ളിൽ കയറി എൽഇഡി സ്ക്രീനുകൾ നീക്കം ചെയ്യുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠ നടത്തുന്നത് കാണുന്നതിനായിട്ടാണ് ക്ഷേത്രത്തിൽ സ്ക്രീൻ സ്ഥാപിച്ചത്. ഒരു ക്ഷേത്രത്തിൽ സ്വകാര്യമായി ആരാധനകൾ നടത്താനുള്ള ഞങ്ങളുടെ അവകാശത്തിന്മേലുള്ള ഗുരുതരമായ ലംഘനമാണ് ഇവിടെ നടന്നതെന്നും നിർമ്മല സീതാരാമൻ പ്രതികരിച്ചു.