ജിഎസ് ടി സംബന്ധിച്ച നിയമനിർമാണത്തിന് കേന്ദ്രസർക്കാരിനും, സംസ്ഥാനങ്ങൾക്കും തുല്യ അധികാരമെന്ന് വ്യക്തമാക്കി സുപ്രിംകോടതി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മേൽ ജിഎസ് ടി കൗൺസിൽ ശുപാർശകൾ ബാധകമാക്കിയാൽ രാജ്യത്തെ സഹകരണ ഫെഡറൽ ഘടനയെ ബാധിക്കുമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ശരിവച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ ശ്രദ്ധേയമായ വിധി.
ജിഎസ് ടി കൗൺസിൽ ശുപാർശകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധകമല്ലെന്നും,അവയ്ക്ക് ഉപദേശത്തിന്റെ മൂല്യം മാത്രമേ ഉള്ളുവെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധിച്ചത്.
ജിഎസ് ടി യുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്
ഇന്ത്യ സഹകരണ ഫെഡറൽ സംവിധാനത്തിൽ അധിഷ്ഠിതമായ രാജ്യമാണ്. നികുതി വിഷയങ്ങളിൽ നിയമനിർമാണത്തിന് പാർലമെന്റിനും, നിയമസഭകൾക്കും ഒരു പോലെ അധികാരമുണ്ട്. ജിഎസ് ടി കൗൺസിൽ ശുപാർശകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മേൽ ബാധകമാക്കിയാൽ രാജ്യത്തെ സഹകരണ ഫെഡറൽ ഘടനയെ ബാധിക്കും.
മാത്രമല്ല, ജിഎസ് ടി കൗൺസിൽ ശുപാർശകൾക്ക് ഉപദേശത്തിന്റെ മൂല്യം മാത്രമേ നൽകാൻ കഴിയുകയുള്ളു. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നിയമങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള വ്യവസ്ഥകൾ 2017ലെ ജിഎസ് ടി നിയമത്തിലില്ല.
Read more
അത്തരം സാഹചര്യങ്ങളിൽ ജിഎസ് ടി കൗൺസിലിന് യോജിപ്പിന്റെ വഴിയിലൂടെ നീങ്ങി പ്രായോഗികമായ പരിഹാരം ഉപദേശിക്കാൻ കഴിയുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.