'സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി നിക്കറിലും വരാം'! സര്‍ക്കാര്‍ ജീവനക്കാർക്കുള്ള ആര്‍എസ്എസ് വിലക്ക് നീക്കി കേന്ദ്രം, പരിഹസിച്ച് കോൺഗ്രസ്

ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് സർക്കാർ ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി കേന്ദ്രം. 1966 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിയത്. ജൂലൈ 9ന് കേന്ദ്രം പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് എക്‌സില്‍ പങ്കുവച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സ്വയം പ്രഖ്യാപിത നോൺ-ബയോളജിക്കൽ പ്രധാനമന്ത്രിയും ആർഎസ്എസും തമ്മിലുള്ള ബന്ധം വഷളായെന്നും ഈ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്ന് ജയറാം രമേശ് ചൂണ്ടികാട്ടുന്നു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് മാറ്റാത്ത വിലക്കാണ് 58 വര്‍ഷത്തിന് ശേഷം മോദി സര്‍ക്കാര്‍ മാറ്റിയതെന്ന് ജയറാം രമേശ് വിമര്‍ശിച്ചു.

‘ഗാന്ധി വധത്തെ തുടര്‍ന്ന് 1948 ഫെബ്രുവരിയില്‍ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍എസ്എസിനു മേല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട്, നല്ലനടപ്പ് ഉറപ്പ് നല്‍കിയതോടെ നിരോധനം നീക്കി. ഇതിന് ശേഷം നാഗ്പൂരില്‍ ആര്‍എസ്എസ് പതാക പറത്തിയിട്ടില്ല’, ജയറാം രമേശ് പറഞ്ഞു. ബ്യൂറോക്രസിക്ക് ഇനി മുതല്‍ നിക്കറില്‍ വരാന്‍ കഴിയുമെന്ന് താന്‍ കരുതുന്നുവെന്നും നടപടിയില്‍ ജയറാം രമേശ് പരിഹസിച്ചു.

‘1966 ല്‍ വീണ്ടും നിയന്ത്രണം കൊണ്ടുവന്നു. അതില്‍ പറയുന്നത് ഇപ്രകാരമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആര്‍എസ്എസിലെയും ജമാ അത്തെ ഇസ്ലാമിയിലെയും അംഗത്വവും പ്രവര്‍ത്തനവും സംബന്ധിച്ചുള്ള സര്‍ക്കാര്‍ നയത്തില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ രണ്ട് സംഘടനകളിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്തം കേന്ദ്ര സിവില്‍ സര്‍വ്വീസ് പെരുമാറ്റ ചട്ടങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു’, ജയറാം രമേശ് കുറിച്ചു.

അതേസമയം ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യയും ഉത്തരവിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിട്ടുണ്ട്. 58 വര്‍ഷം മുമ്പ് നടപ്പിലാക്കിയ ഭരണഘടനാ വിരുദ്ധമായ ഉത്തരവ് മോദി സര്‍ക്കാര്‍ പിന്‍വലിച്ചെന്നും സ്വാഗതാര്‍ഹമായ കാര്യമാണെന്നും ആണ് അമിത് മാളവ്യ അഭിപ്രായപ്പെട്ടത്.

Read more