രാജ്യത്തെ 151 പാസഞ്ചർ ട്രെയിനുകൾ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചതിനു പിന്നാലെ റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ച ശേഷം സ്വകാര്യ കമ്പനികൾക്ക് ലേലം ചെയ്യാൻ സർക്കാരിന് പദ്ധതിയുണ്ടെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എം.സി.സി.ഐ) സംഘടിപ്പിച്ച വെബിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട് തിങ്കളാഴ്ച സംസാരിക്കുകയായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി. ട്രെയിനുകൾ സ്വകാര്യവത്കരിക്കാനുള്ള ലേലം അവസാനിച്ചുവെന്നും ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു.
“റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ പദ്ധതി ഉണ്ട്. പിന്നീടുള്ള ഘട്ടങ്ങളിൽ അവ സ്വകാര്യ കമ്പനികൾക്ക് ലേലം ചെയ്യും,” അദ്ദേഹം പറഞ്ഞു. ചരക്ക് ഇടനാഴി പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കേണ്ടതുണ്ടെന്നും കോവിഡ് -19 പകർച്ചവ്യാധി മൂലം കാലതാമസം നേരിട്ടതായും കേന്ദ്രമന്ത്രി പറഞ്ഞു.
പശ്ചിമ ബംഗാളിലെ ഇടനാഴിയുടെ ഭാഗത്തിന് ആവശ്യമായ മുഴുവൻ ഭൂമിയും സംസ്ഥാന സർക്കാർ പദ്ധതിക്കായി കൈമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ അംഗീകാരം നൽകിയാൽ കൊൽക്കത്തയിലെ മെട്രോ സർവീസുകൾ പുനരാരംഭിക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.