ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അദ്ധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ്. ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് ചക്രപാണിയുടെ ഈ ആവശ്യം. ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്ത സ്ഥലമായ ശിവശക്തി പോയിന്റ് അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ചക്രപാണി പറഞ്ഞു.
‘ചന്ദ്രനെ ഹിന്ദു സാനാതന രാഷ്ട്രമായി പാര്‍ലമെന്റ് പ്രഖ്യാപിക്കണം. ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്ത സ്ഥലമായ ശിവശക്തി പോയിന്റ് അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കണം. കാരണം, ജിഹാദി മനസ്ഥിതിയുള്ള ഒരു ഭീകരനും അവിടെയെത്തരുത്.’ വീഡിയോയില്‍ ചക്രപാണി പറഞ്ഞു.
മറ്റു മതങ്ങള്‍ ചന്ദ്രനില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുമുന്‍പ് ഇന്ത്യ അധികാരം കാണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, ഇതു സംബന്ധിച്ച പ്രമേയം പാര്‍ലമെന്റ് പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സര്‍ക്കാരിന് കത്തയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ശിവശക്തി എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശിവശക്തി പോയന്റ് ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അടയാളമാണ്. അസാധാരണ നേട്ടമാണ് കൈവരിച്ചത്. ബഹിരാകാശത്ത് ഭാരതത്തിന്റെ ശംഖുനാദം മുഴങ്ങിയിരിക്കുന്നു. ശാസ്ത്രജ്ഞര്‍ രാജ്യത്തെ ഉയരത്തില്‍ എത്തിച്ചെന്നായിരുന്നു ചന്ദ്രയാന്റെ വിജയത്തിന് പിന്നാലെ മോദി പറഞ്ഞത്.
എന്നാല്‍ ശിവശക്തി എന്ന് പേര് നല്‍കിയതിനെ ചൊല്ലി പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭാ നേതാവ് രംഗത്തെത്തിയത്.