ജമ്മു കശ്മീരിലെ സർക്കാർ, സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾ ഇനി മുതൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ചും മുൻ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചതിനെ kgറിച്ചും പഠിക്കും. ജമ്മു കശ്മീർ സ്കൂൾ വിദ്യാഭ്യാസ ബോർഡ് (ജെ.കെ.ബി.ഒ.എസ്.ഇ) പ്രസിദ്ധീകരിച്ച പുതുക്കിയ പാഠപുസ്തകത്തിലാണ് ഇതുമായി ബന്ധപ്പെട്ട പാഠഭാഗം ഉള്ളത് എന്ന് ദി വയർ റിപ്പോർട്ട് ചെയ്തു.
ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പുതുക്കിയ പാഠപുസ്തകങ്ങൾ ജെ.കെ.ബി.ഒ.എസ്.ഇ കശ്മീർ, ജമ്മു, ലഡാക്ക് ഡിവിഷനുകളിലെ എല്ലാ ജില്ലകളിലെയും വിദ്യാർത്ഥികൾക്കd ലഭ്യമാക്കിയിട്ടുണ്ട്. പുതുക്കിയ പാഠപുസ്തകങ്ങൾ 2019 നവംബർ മുതൽ ഡിസംബർ വരെയുള്ള അക്കാദമിക് സെഷനിലാണ് കശ്മീർ ഡിവിഷനിലും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലും പഠിപ്പിക്കുക. ജമ്മു പ്രവിശ്യയിൽ, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പുതുക്കിയ പാഠപുസ്തകങ്ങൾ മാർച്ച് ആദ്യ വാരത്തിൽ ലഭ്യമാക്കുകയും 2020-21 മാർച്ച്- ഏപ്രിൽ അക്കാദമിക് സെഷൻ മുതൽ വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ചെയ്യും.
പത്താം ക്ലാസിലെ പുതുക്കിയ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ ‘ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019’ എന്ന പേരിൽ പ്രത്യേകവും വിശദവുമായ അധ്യായമുണ്ട്. പുനഃസംഘടന നിയമപ്രകാരം, പാർലമെന്റ് ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു കശ്മീർ ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ശേഷം കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി എന്ന് അധ്യായത്തിൽ പറയുന്നുണ്ട്. എന്നാൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ അടച്ചുപൂട്ടൽ, ഇന്റർനെറ്റ് നിരോധനം, മൂന്ന് മുഖ്യമന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയക്കാരുടെ ഇപ്പോഴും തുടരുന്ന തടങ്കൽ എന്നിവയെ കുറിച്ചൊന്നും പാഠപുസ്തകത്തിൽ പരാമർശമില്ല.