ആം ആദ്മി പാര്‍ട്ടി നേതാവായ അരവിന്ദ് കെജ്‌രിവാള്‍ നുണയനാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. അദ്ദേഹം തന്റെ പ്രസ്താവനകളില്‍ നിന്ന് മലക്കം മറിയുകയാണെന്നും ചന്നി പറഞ്ഞു. ‘ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുകയാണെങ്കില്‍ ഒരുതരത്തിലുള്ള മാറ്റവും സംസ്ഥാനത്ത് ഉണ്ടാവാന്‍ പോവുന്നില്ല. എല്ലായിടത്ത് നിന്നും തിരസ്‌കരിക്കപ്പെട്ട നേതാക്കളാണ് ആ പാര്‍ട്ടിയിലുള്ളത്. അവരാരും വിപ്ലവകാരികളോ ഭഗത് സിംഗിന്റെ ശിഷ്യന്മാരോ അല്ലെന്നും ചന്നി കൂട്ടിച്ചേര്‍ത്തു.
‘കെജ്‌രിവാള്‍ അടിസ്ഥാനപരമായി ഒരു നുണയനാണ് അദ്ദേഹം വലിയ നുണകള്‍ പറയുന്നു. എന്നിട്ട് തന്റെ പ്രസ്താവനകളില്‍ മലക്കംമറിയും അതിന് ഫലപ്രദമായി കഴിഞ്ഞില്ലെങ്കില്‍ അതില്‍ മാപ്പ് പറയും,’ അദ്ദേഹം ആരോപിച്ചു.
മത്സരിക്കുന്ന ചാംകൗര്‍ സാഹിബ്, ബദൗര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നും മികച്ച ഭൂരിപക്ഷത്തിലായിരിക്കും താന്‍ വിജയിക്കുകയെന്നും ചന്നി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ്, എ.എ.പി, ശിരോമണി അകാലിദള്‍-ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യം, ബി.ജെ.പി-മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളാണ് ഇത്തവണ പഞ്ചാബില്‍ ഏറ്റുമുട്ടുന്നത്. പഞ്ചാബിലെ 117 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 20നാണ് നടന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.