തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ ക്ഷേത്ര സംരക്ഷണപ്രവര്‍ത്തകന്‍ രംഗരാജന്‍ നരസിംഹം അറസ്റ്റില്‍. തമിഴ്നാട് പോലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ഇദേഹത്തെ അറസ്റ്റുചെയ്തത്. ശ്രീരംഗത്തുവെച്ചായിരുന്നു അറസ്റ്റ്. ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍നിന്നു മോചിപ്പിക്കാന്‍ നിരന്തരം പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കുന്നയാളാണ് ശ്രീരംഗം രംഗരാജന്‍ എന്നറിയപ്പെടുന്ന രംഗരാജന്‍ നരസിംഹം.
രംഗരാജന്‍ കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോസന്ദേശം ഉദയനിധിയെ അവഹേളിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന പരാതിയിലാണ് പോലീസിന്റെ നടപടി. നേരത്തെ, സനാതന ധര്‍മത്തിനെതിരായ പരാമര്‍ശങ്ങളുടെ ദോഷം തീരാന്‍ ഉദയനിധി മൂന്നു ബ്രാഹ്‌മണരുടെ പാദപൂജ നടത്തിയെന്നാണ് വീഡിയോ സന്ദേശത്തില്‍ രംഗരാജന്‍ ആരോപിച്ചത്.
ജൗതിഷിയുടെ ഉപദേശമനുസരിച്ചായിരുന്നു ഇതെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
സനാതനധര്‍മത്തെ ഉന്‍മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നൂ വീഡിയോയിലൂടെയുള്ള ആരോപണം.