ദളിത് യുവതിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ച് ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കിയെന്ന പരാതിയില്‍ തമിഴ്നാട്ടിലെ ചിദംബരം നടരാജ ക്ഷേത്രത്തിലെ പൂജാരിമാര്‍ക്ക് എതിരെ കേസ്. 20 പുരോഹിതര്‍ക്ക് എതിരെയാണ് കേസ്. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ സ്ത്രീയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു എന്നാണ് പരാതി. എസ്സി/ എസ്ടി അതിക്രമ നിരോധന നിയമപ്രകാരമാണ് നടപടി. ഫെബ്രുവരി 13 ന് ആണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. 31 കാരിയായ ദളിത് യുവതി ക്ഷേത്രത്തിലേക്ക് എത്തിയതിനെ പുരോഹിതര്‍ ഇടപെട്ട് തടയുകയായിരുന്നു. ഇവരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.
സംഭവത്തെ കുറിച്ച് പരാതിക്കാരിയായ ലക്ഷ്മി ജയശീല പറയുന്നത് ഇങ്ങനെ- കഴിഞ്ഞ 20 വര്‍ഷമായി സ്ഥിരമായി ക്ഷേത്രം സന്ദര്‍ശിക്കാറുമുണ്ട്. നേരത്തെ ക്ഷേത്രത്തിലെത്തുമ്പോള്‍ പ്രാര്‍ത്ഥനയാക്കായി കനക സഭ എന്ന പ്രദേശത്തേക്ക് പ്രവേശിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി, പകര്‍ച്ചവ്യാധി കാരണം പുരോഹിതന്മാര്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും കനക സഭയില്‍ ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടായിരുന്നു എങ്കിലും ഒഴിവുകഴിവ് പറയുകയായിരുന്നു.
ഫെബ്രുവരി 13 ന്, ഇത്തരത്തില്‍ കനക സഭയില്‍ പ്രവേശനത്തിന് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തില്‍ വൈദികരോട് തര്‍ക്കിച്ചു, തുടര്‍ന്ന് രോഷാകുലരായ പൂജാരിമാര്‍ ജാതീയമായ അധിക്ഷേപങ്ങളുമായി തന്നെ ബലം പ്രയോഗിച്ച് പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നും ജയശീല പറയുന്നു. ഇതിന് പിന്നാലെ ‘ക്ഷേത്രത്തില്‍ നിന്നും താന്‍ വെള്ളി മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് അവര്‍ അവകാശപ്പെട്ടു, എന്നാല്‍ പൊലീസ് വന്നപ്പോള്‍ അവര്‍ നിലപാട് മാറ്റി. എന്റെ അവകാശങ്ങള്‍ മാത്രമാണ് ചോദിക്കുന്നത്,” ജയശീല പറഞ്ഞു.