ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിക്കുന്നു; സഞ്ജീവ് ഖന്ന പരമോന്നത കോടതിയുടെ തലപ്പത്തേക്ക്; കാശ്മീരിന്റെ പ്രത്യേക പദവി ഉള്‍പ്പെടെയുള്ള കേസുകളില്‍ വിധിയെഴുതിയ ജസ്റ്റിസ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിക്കുന്നു. അടുത്ത മാസം പത്തിനാണ് അദേഹം സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കുന്നത്. ഇതിന് മുമ്പായി തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അദേഹം ശുപാര്‍ശ ചെയ്തു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി
ചന്ദ്രചൂഡ് കേന്ദ്രസര്‍ക്കാറിന് കത്തയച്ചു.

പുതിയ ചീഫ് ജസ്റ്റിസിനെ നിര്‍ദേശിക്കാനാവശ്യപ്പെട്ട് കേന്ദ്രം ചന്ദ്രചൂഡിന് നേരത്തെ കത്തയച്ചിരുന്നു. നിലവില്‍ സുപ്രീംകോടതിയിലെ രണ്ടാമനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. കേന്ദ്രം ശിപാര്‍ശ അംഗീകരിച്ച് വിജ്ഞാപനമിറക്കുന്നതോടെ രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന അടുത്ത മാസം ചുമതലയേല്‍ക്കും. 2025 മേയ് 13വരെ ഇദ്ദേഹത്തിന് കാലാവധിയുണ്ട്.

ഡല്‍ഹി സ്വദേശിയായ ജസ്റ്റിസ് ഖന്ന, 1983 ല്‍ ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ അഭിഭാഷകനായി തുടങ്ങി. ഡല്‍ഹി ഹൈക്കോടതിയിലും ട്രൈബ്യൂണലുകളിലും പ്രവര്‍ത്തിച്ചു. ആദായ നികുതി വകുപ്പിന്റെയും ഡല്‍ഹി സര്‍ക്കാരിന്റെയും സ്റ്റാന്‍ഡിങ് കൗണ്‍സലായിരുന്നു. 2005 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയും പിന്നീടു സ്ഥിരം ജഡ്ജിയുമായി. ഡല്‍ഹി ജുഡീഷ്യല്‍ അക്കാദമിയുടെയും ഇന്റര്‍നാഷനല്‍ ആര്‍ബിട്രേഷന്‍ സെന്ററിന്റെയും ചുമതല വഹിച്ചു

2019 ജനുവരിയിലാണ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റത്. ഹൈകോടതി ചീഫ് ജസ്റ്റിസ് പദവി വഹിക്കാതെ സുപ്രീംകോടതിയിലെത്തിയ വ്യക്തികളില്‍ ഒരാളാണ് സഞ്ജീവ് ഖന്ന. സുപ്രീംകോടതി ലീഗല്‍ സര്‍വിസ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു.

2019 ജനുവരി 18നാണ് ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്ക് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, തെരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കുക തുടങ്ങി സുപ്രീംകോടതിയുടെ നിര്‍ണായക വിധികളില്‍ അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട ഇഡി കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിലും അദ്ദേഹമുണ്ടായിരുന്നു.