ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (നീറ്റ്) കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നീറ്റ് സംവിധാനം ഒഴിവാക്കി പഴയ രീതിയില്‍ സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് മമത ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മമത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ച പശ്ചിമ ബംഗാളില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളെയാണ് ബാധിച്ചതെന്നും സുതാര്യമായ അന്വേഷണം നടത്തണമെന്നും കത്തില്‍ വ്യക്തമാക്കി.
2017ന് മുമ്പ് സംസ്ഥാനങ്ങള്‍ക്ക് സ്വന്തം പ്രവേശന പരീക്ഷ നടത്താന്‍ അനുവാദമുണ്ടായിരുന്നു. ഈ സംവിധാനം പ്രശ്നങ്ങളില്ലാതെ സുഗമമായി നടന്നുപോന്നു. വിദ്യാഭ്യാസത്തിനും ഇന്റേണ്‍ഷിപ്പിനുമായി ഡോക്ടറാകുന്ന ഒരാള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാധാരണയായി 50 ലക്ഷം രൂപയിലധികം ചെലവഴിക്കുന്നുണ്ട്. അതിനാല്‍, അവരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തിന് നല്‍കണമെന്ന് മമത ആവശ്യപ്പെട്ടു.
Read more
വികേന്ദ്രീകൃത സമ്പ്രദായം കേന്ദ്രം പിന്നീട് കേന്ദ്രീകൃത പരീക്ഷാ സമ്പ്രദായത്തിലേക്ക് (നീറ്റ്) മാറ്റി. ഇത് ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് എതിരാണെന്നും മമത കത്തില്‍ ആവശ്യപ്പെട്ടു.